കൊച്ചി : എറണാകുളം - അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിലെ തുടർ നടപടികൾ ഒരു മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുൾപ്പെടെയുള്ളവർക്ക് എതിരെ പെരുമ്പാവൂർ പുല്ലുവഴി സ്വദേശി ജോഷി വർഗ്ഗീസ് നൽകിയ പരാതിയിൽ കാക്കനാട് ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിലെ നടപടികളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. കേസിൽ കർദ്ദിനാൾ ഉൾപ്പെടെയുള്ള എതിർ കക്ഷികൾ വിചാരണ നേരിടണെന്ന് ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെ സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും തള്ളി. തുടർന്ന് ഇൗ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹർജി അടുത്ത മാസം വീണ്ടും പരിഗണിക്കും. തൃക്കാക്കര ഭാരത് മാതാ കോളേജിന് സമീപത്ത് അതിരൂപതയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമി വിറ്റതിൽ ക്രമക്കേടുണ്ടെന്നാരോപിച്ചാണ് പരാതിക്കാൻ കോടതിയെ സമീപിച്ചത്.