പറവൂർ :കോട്ടപ്പുറം രൂപത ലത്തീൻ സമുദായ സംഗമം നാളെ (ഞായർ) പറവൂരിൽ നടക്കും. സമുദായറാലി, അവകാശ പ്രഖ്യാപന സമ്മേളനം എന്നിവ നടക്കും. കോട്ടപ്പുറം രൂപതയിലെ 52 പള്ളികളിൽ നിന്നായി പതിനൊന്നായിരത്തോളം വിശ്വാസികൾ അണിനിരക്കും. വൈകിട്ട് മൂന്നിന് പള്ളിത്താഴം സെന്റ് ജോസഫ് കൊത്തൊലെൻഗോ പള്ളിയിൽ നിന്നാരംഭിക്കുന്ന സമുദായ റാലി രൂപത വികാരി ജനറൽ മോൺ. ആന്റണി കുരിശിങ്കൽ ഫ്ലാഗ് ഒഫ് ചെയ്യും. വാദ്യമേളങ്ങൾ, നിശ്ചലദൃശ്യങ്ങൾ ചവിട്ടുനാടകം, മാർഗംകളി, പരിചമുട്ടുകളി തുടങ്ങിയവ റാലിക്ക് അകമ്പടിയാകും. ഓരോ ഇടവകയും അവരുടെ ബാനറിനു പിന്നിലായി അണിനിരക്കും. നഗരംചുറ്റി റാലി മുനിസിപ്പൽ ടൗൺഹാളിൽ എത്തിയശേഷം നടക്കുന്ന അവകാശ പ്രഖ്യാപന സമ്മേളനം ദേശീയ ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയാകും. എം.എൽ.എമാരായ വി.ഡി. സതീശൻ, എസ്. ശർമ്മ, ഇ.ടി. ടൈസൻ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, ഡി. രാജ്കുമാർ, പി.ജെ. തോമസ്, ഷാജി ജോർജ്, അലക്സ് താളൂപ്പാടത്ത് തുടങ്ങിയവർ സംസാരിക്കും.