പറവൂർ : ഐ.സി.യു നിർമാണത്തിൽ അഴിമതി ആരോപിച്ച് ആം ആദ്മി പാർട്ടി പ്രവർത്തകൻ ജോബി ജേക്കബ് നൽകിയ പരാതിയിൽ പറവൂർ താലൂക്ക് ആശുപത്രിയിൽ വിജിലൻസ് തെളിവെടുപ്പു നടത്തി. ഉദ്യോഗസ്ഥരുടെ ആറംഗസംഘമാണ് ഇന്നലെ ആശുപത്രിയിലെത്തിയത്. ആശുപത്രി അധികൃതരുമായും പരാതിക്കാരുമായും ഉദ്യോഗസ്ഥർ സംസാരിച്ചു. ഐ.സി.യു നിർമിച്ചതും ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചു. ആവശ്യമായ രേഖകൾ കൊണ്ടുപോയി. വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകൾ ആം ആദ്മി പാർട്ടി പ്രവർത്തകർ വിജിലൻസിന് കൈമാറി. 2013 ഏപ്രിൽ 15ന് ഉദ്ഘാടനം ചെയ്ത ഐ.സി.യു മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിനെത്തുടർന്നു രണ്ടു വർഷങ്ങൾക്ക് ശേഷമാണ് തുറന്നു കൊടുത്തത്. അപകടത്തിൽ മരിച്ച പറവൂർ സ്വദേശി സുഗീത് സുഭാഷിന്റെ ഓർമയ്ക്കായി അദ്ദേഹത്തിന്റെ കുടുംബമാണ് 35 ലക്ഷം രൂപ ഐ.സി.യു കെട്ടിടനിർമ്മാണത്തിനായി നൽകിയത്. കെട്ടിടം മാസങ്ങളോളം ഉപയോഗിക്കാതെ പൂട്ടിക്കിടന്നതിനെത്തുടർന്ന് ഐ.സി.യുവിലേക്കു വാങ്ങിയ ഉപകരണങ്ങൾ പലതും നശിച്ചിരുന്നു.