ഫോർട്ട് കൊച്ചി: പുതുവർഷാഘോഷത്തെ വരവേൽക്കാൻ ഫോർട്ട് കൊച്ചി ഒരുങ്ങി. ഫോർട്ടുകൊച്ചി വെളിമുതൽ കമാലക്കടവ് വരെ തോരണങ്ങൾ കൊണ്ട് അലങ്കരിക്കാൻ തുടങ്ങി. ഫോർട്ടുകൊച്ചി സി.ഐ. മനുരാജ് ഉദ്ഘാടനം ചെയ്തു. സൗഹൃദമായ തുണികൊണ്ടുള്ള മനോഹരമായ തോരണങ്ങളാണ് രണ്ടര കിലോമീറ്റർ പരിധിയിൽ ഒരുക്കിയിരിക്കുന്നത്. ഇതിനിടയിൽ പ്രകാശം ചൊരിയുന്ന ആയിരം നക്ഷത്ര ദീപങ്ങളും സ്ഥാപിക്കും. ഈ പരിധിക്കുള്ളിലെ റോഡിന് ഇരുവശമുള്ള വീടുകളും തോരണം കൊണ്ട് അലങ്കരിക്കും. ഫോർട്ടുകൊച്ചി സെലിബ്രേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ വെളി മൈതാനിയിലെ കൂറ്റൻ വൻ മരം നക്ഷത്രങ്ങളും തോരണങ്ങളും മറ്റും കൊണ്ട് അലങ്കരിക്കും. കൊച്ചിൻ കാർണിവലിനോടനുബന്ധിച്ച് നൂറോളം മത്സരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ചൂണ്ടയിടൽമത്സരങ്ങൾ മുതൽ പഴയ കാല കുറ്റിയും കോലും കളികളും കേരളത്തനിമ വിളിച്ചോതുന്ന കഥകളി, ഭരതനാട്യം, കുച്ചുപ്പുടി, ഓട്ടൻതുള്ളൽ, ചവിട്ടുനാടകം, സി.ജെ.ഗാനമേള തുടങ്ങിയ പരിപാടികളും ഒരുക്കിയിട്ടുണ്ട്. നക്ഷത്ര ദീപങ്ങളുടെ സ്വിച്ച് ഓൺ കർമ്മം 21 ന് വൈകിട്ട് കെ.ജെ. മാക്സി എം.എൽ.എ നിർവഹിക്കുംവാസ്കോഡ ഗാമസ്ക്വയറിൽ വിവിധ ക്ളബുകളുടെ പതാകകൾ ഉയരും. ഇനിയുള്ള ദിവസങ്ങൾ ഫോർട്ടുകൊച്ചിയും പരിസരവും രാത്രിയും പകലും ജനങ്ങളെ കൊണ്ട് നിറയും. സീസൺ തുടങ്ങിയതോടെ നൂറ് കണക്കിന് വിദേശികൾ നേരത്തെ എത്തി ഹോംസ്റ്റേയിലും മറ്റും തങ്ങുന്നുണ്ട് . ആഡംബര കപ്പലുകൾ കൊച്ചിയിൽ എത്തുന്നതോടെ വിദേശികളുടെ എണ്ണം ഇനിയും വർദ്ധിക്കും. മട്ടാഞ്ചേരി അസി.കമ്മീഷ്ണറുടെ നേതൃത്വത്തിൽ മഫ്ടിയിലും യൂണിഫോമിലും നിരവധി പൊലീസ് ഉദ്യോഗസ്ഥൻമാരെ ഫോർട്ടുകൊച്ചിയിലും പരിസരത്തും വിന്യസിക്കുന്നുണ്ട് .