കൊച്ചി: കോന്തുരുത്തി പുഴയിലെ കൈയേറ്റം ഒഴുപ്പിച്ചു വീതി കൂട്ടുന്നതിനായുള്ള മാസ്റ്റർപ്ലാൻ തയാറാക്കിയതായി മേയർ സൗമിനി ജെയിൻ കൗൺസിലിനെ അറിയിച്ചു. എട്ടു മാസം കൊണ്ട് ഹൈക്കോടതി നിർദേശിച്ച പ്രകാരം പുഴയുടെ വീതി 48 മീറ്റർ ആക്കുന്നതിനുള്ള പ്ലാനാണ് തയാറായിട്ടുള്ളത്. അനുവദിച്ച സമയം കഴിഞ്ഞ പശ്ചാത്തലത്തിൽ മാസ്റ്റർപ്ലാൻ പ്രകാരം പദ്ധതി നടപ്പാക്കാൻ ഹൈക്കോടതിയോട് എട്ടു മാസംകൂടി സാവകാശം ചോദിക്കാനും സർവകക്ഷിയോഗം തീരുമാനമെടുത്തതായും മേയർ കൗൺസിലിൽ പറഞ്ഞു. ആക്ഷൻപ്ലാൻ തയാറാക്കാൻ രണ്ടു മാസവും മാസ്റ്റർ പ്ലാനിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ചെയ്തു തീർക്കാൻ ആറു മാസം സമയവും അനുവദിക്കണമെന്ന് കോടതിയോട് അഭ്യർത്ഥിക്കും.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 16.5 കോടി ചെലവിൽ നവീകരിക്കുന്ന പേരണ്ടൂർ കനാലിന്റെ മാർക്കറ്റിനോട് ചേർന്നുള്ള സ്ഥലത്തെ റോഡിന്റെ വീതി അര മീറ്റർക്കൂടി വർദ്ധിപ്പിക്കുന്നതിനായി ഈ ഭാഗത്തെ കായലിന്റെ വീതി ഏഴര മീറ്ററായി കുറയ്ക്കാനുള്ള നിർദേശവും യോഗത്തിലുണ്ടായി. ഡെങ്കിപ്പനി വ്യാപകമാകുന്ന ഗുരുതര സാഹചര്യത്തെ നേരിടാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ആരോഗ്യ സ്ഥിരം സമതി അദ്ധ്യക്ഷയെ മേയർ ചുമതലപ്പെടുത്തി. കരാറുകാർക്കുള്ള നൽകേണ്ടതായ 18.84 കോടി രൂപയുടെ ബില്ലുകൾ ട്രഷറിയിൽ കെട്ടിക്കിടക്കുകയാണെന്നും എത്രയും വേഗം ബില്ലുകൾ പാസാക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സർക്കാരിന് കത്തെഴുതുമെന്നും മേയർ പറഞ്ഞു.
തുരുത്തിക്കോളനി നിവാസികൾക്കുള്ള ഭവന സമുച്ഛയ പദ്ധതിയായ റേ പദ്ധതിയിൽ നിക്ഷേപ തുക തിരിച്ചു വാങ്ങി പിരിഞ്ഞുപോയ കരാറുകാരൻ പണി ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മേയർ പറഞ്ഞു. റിവൈസ്ഡ് എസ്റ്റിമേറ്റ് പ്രകാരം 39 കോടിയായി ഉയർത്തിയാണ് കരാറുകാരൻ ആവശ്യപ്പെട്ടിരിക്കുന്നത്.

21 കോടി

ആദ്യ എസ്റ്റിമേറ്റിൽ നിന്ന് കുടുതലായി വരുന്ന 21 കോടി രൂപ സ്മാർട്ട് സിറ്റി പദ്ധിയിൽ നിന്ന് എടുക്കും

ലൈഫ് പദ്ധതികൾ വഴി ഭവനം നൽകാൻ സർക്കാരിനോട് ആവശ്യപ്പെടും

കോന്തുരുത്തി പുഴയുടെ ഒഴുക്ക് തടസപ്പെടുത്തും വിധം നാലു പതിറ്റാണ്ട് മുൻപു നിർമ്മിച്ച റോഡ് പൊളിച്ചുമാറ്റി പകരം പുഴയ്ക്കു കുറുകെ പാലം നിർമ്മിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. പുഴ കൈയേറി വീടുകൾവച്ച് താമസിക്കുന്ന 170 ഓളം കുടുംബങ്ങൾക്ക് പി.എം.എ.വൈ, ലൈഫ് പദ്ധതികൾ വഴി ഭവനം ലഭ്യമാക്കുന്നതിന് സർക്കാരിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

കൈക്കുഞ്ഞുമായി പ്രതിപക്ഷ
നേതാവ് കൗൺസിലിൽ

കൊച്ചി: തുരുത്തിക്കോളനിക്കാരുടെ സ്വപ്‌ന പദ്ധതിയായ റേയുടെ നടത്തിപ്പിലെ പാകപ്പിഴകൾ ചൂണ്ടിക്കാട്ടാൻ കൈക്കുഞ്ഞുമായി പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി കൗൺസിലിലെത്തി. പദ്ധതിയുടെ നിർമാണം നിലച്ചതിനാൽ ആത്മഹത്യയുടെ വക്കിൽ എത്തി നിൽക്കുന്ന ദമ്പതികളുടെ കുട്ടിയെ കൈയിലെടുത്താണ് അദ്ദേഹം യോഗത്തിൽ വിഷയം ഉന്നയിച്ചത്.
ദീർഘകാലമായി വാടകവീട്ടിൽ താമസിക്കേണ്ടി വന്നതിനാൽ ഇവർ കടുത്ത സാമ്പത്തിക ബാദ്ധ്യതയിലാണ്. ആത്മഹത്യയുടെ വക്കിലെത്തിയ ഇവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് താൻ ഇടപെട്ടാണ്. ഇവരെ പോലെ ഏതു നിമിഷവും ആത്മഹത്യ ചെയ്‌തേക്കാവുന്ന മാനസികാവസ്ഥയിൽ ഒട്ടേറെ കുടുംബങ്ങൾ തുരുത്തിക്കോളനിയിലുണ്ടെന്നും പാർപ്പിട സമുച്ഛയ പദ്ധതി എത്രയും വേഗം പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജീവ് ആവാസ് യോജനയിൽ ഉൾപ്പെടുത്തിയ 12 നില പാർപ്പിട സമുച്ഛയ പദ്ധതിയുടെ നിർമാണം തുടങ്ങിയെങ്കിലും ഒന്നാംഘട്ടം പോലും പൂർത്തിയാക്കിയില്ല. വീഴ്ചവരുത്തിയ കരാറുകാരനെതിരെ നടപടിയെടുത്തില്ലെന്നുമാത്രമല്ല, കൗൺസിൽ പോലുമറിയാതെ നിക്ഷേപതുക തിരിച്ചുകൊടുക്കുകയും ചെയ്തു. ഇതിനെതിരെ പ്രതിപക്ഷത്തിന്റെ പരാതിയിൽ വിജിലൻസ് പ്രാഥമികാന്വേഷണം നടക്കുകയാണ്. ഇതിന്റെ ആദ്യഘട്ടം പൂർത്തിയാക്കാൻ 21 കോടി രൂപ സ്മാർട്ട്മിഷൻ പദ്ധതിയിൽനിന്ന് നൽകാമെന്ന് ധാരണയുണ്ടായെങ്കിലും ആവശ്യമായ കത്ത് സംസ്ഥാന സർക്കാരിന് നൽകാൻപോലും നഗരസഭയ്ക്കായില്ല.