attack
മർദ്ദനമേറ്റ് ആശുപത്രിയിൽ കഴിയുന്ന കൃഷ്ണപ്രസാദ്, അശ്വിൻ ബേബി എന്നിവർ

ആലുവ: ഉളിയന്നൂർ 'പ്രേമം' പാലത്തിൽ ടെലിഫിലിം അണിയറ പ്രവർത്തകരായ വിദ്യാർത്ഥികൾക്ക് സദാചാരപൊലീസിന്റെ മർദ്ദനം. തൃക്കാക്കര ഭാരതമാത കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി തായിക്കാട്ടുകര എസ്.എൻ പുരം തൂമ്പായിൽ വീട്ടിൽ ശശിയുടെ മകൻ കൃഷ്ണപ്രസാദ് (20), ഇടപ്പള്ളി ഒടുവത്തറ ബേബിയുടെ മകൻ അശ്വിൻ ബേബി (21) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവരെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് നാല് മണിയോടെ ബൈക്കിലെത്തിയ പത്തംഗ സംഘമാണ് കുറുവടികളുമായി വിദ്യാർത്ഥികളെ നേരിട്ടത്. ജില്ലയിലെ വിവിധ കോളേജുകളിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ ആറ് പേരാണ് ടെലിഫിലീം ചിത്രീകരണവുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഉളിയന്നൂർ അക്വഡേറ്റിലെത്തിയത്. നേരത്തെ 'മാനവർ' എന്ന പേരിൽ ഇതേസംഘം ഒരു ടെലിഫിലീം ചിത്രീകരിച്ചിട്ടുണ്ട്. അടുത്ത ടെലിഫിലീമിന്റെ ലോക്കേഷൻ പരിശോധിക്കുന്നതിനാണ് സംഘം എത്തിയത്. ഈ സമയം പാലത്തിൽ വേറെയും വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ആലുവ ഡിസ്ട്രിക്ടിൽ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് അംഗങ്ങളായി പ്രവർത്തിച്ച പരിചയത്തിലാണ് ഇവർ ടെലിഫിലിം മേഖലയിലേക്ക് കടന്നത്.

സംഘം ലൊക്കേഷൻ ഫോട്ടോസ് എടുക്കുന്നതിനിടെയാണ് കണ്ടാൽ തിരിച്ചറിയാവുന്ന പത്തോളം വരുന്ന സംഘം യാതൊരു പ്രകോപനവുമില്ലാതെ മർദ്ദിച്ചത്. അശ്വിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തപ്പോൾ കൃഷ്ണപ്രസാദിനെയും മർദ്ദിക്കുകയായിരുന്നു. പ്രേമം സിനിമ ഇവിടെ ചിത്രീകരിച്ച ശേഷമാണ് അക്വഡേറ്റിന് 'പ്രേമം' പാലം എന്ന പേരുണ്ടായത്. പിന്നീട് ഇവിടെ സന്ദർശകരുടെ എണ്ണം വർദ്ധിക്കുകയും ചെയ്തു. ആലുവ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.