കൊച്ചി:പദ്ധതി നിർവഹണം എങ്ങുമെത്താത്ത അവസ്ഥയിൽ നഗരസഭയിലെ വികസന സമിതി അദ്ധ്യക്ഷയെ കാണാനില്ലെന്ന് പ്രതിപക്ഷ ആരോപണം. നഗരസഭയുടെ തനത് വരുമാനത്തിൽ കുറവ് വരികയും പ്ലാൻ ഫണ്ടിൽ നിന്ന് വെള്ളകരം അടക്കം സർക്കാരിന് നൽകാനുള്ള പണം വെട്ടി കുറയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ വികസന പ്രവർത്തനങ്ങൾക്ക് പണം തികയാതെ വരുകയാണ്. അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഭരണവും നാഥനില്ലാത്ത അവസ്ഥയുമാണ് നഗരസഭയിൽ നിലനിൽക്കുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
200 കോടി രൂപയുടെ പദ്ധതി വിഹിതത്തിന്റെ 22ശതമാനം മാത്രമാണ് ഇതുവരെ ചെലവഴിച്ചിട്ടുള്ളതെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് വി .പി .ചന്ദ്രൻ പറഞ്ഞു. വളരെ കുറച്ച് സമയം മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടയിലാണ് വികസന സമിതി അദ്ധ്യക്ഷ വിദേശത്ത് പോയിരിക്കുന്നത്. തനത് വർഷം 990 പദ്ധതികൾ നടപ്പിലാക്കണം. 2018–19 വർഷത്തിലെ സ്പില്ലോവർ ജോലികളും 2019–20 വർഷത്തിലെ പദ്ധതികളും എവിടെയും എത്തിയിട്ടില്ല. സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ രാജിവച്ചതിനാലും ഉള്ളവരിൽ ഒരാൾ വിദേശത്തായതിനാലും യാതൊരു പ്രവൃത്തിയും നടപ്പിലാകുന്നില്ലെന്ന് വി .പി. ചന്ദ്രൻ പറഞ്ഞു.