പരിശോധിക്കപ്പെട്ടത് ആൽഫ സെറീൻ ഫ്ലാറ്റിന് സമീപത്തെ 7 വീടുകൾ
പരിശോധന നടത്തിയത് രണ്ട് സീനിയർ സ്ട്രക്ചറൽ എൻജിനീയർമാരടങ്ങുന്ന ഏഴംഗ സംഘം
സർക്കാരിൽനിന്നു ലഭിക്കുന്ന നിർദേശം അനുസരിച്ച് തുടർന്നുള്ള ഓഡിറ്റിംഗ്
കൊച്ചി: പൊളിച്ചു മാറ്റുന്ന മരടിലെ ഫ്ലാറ്റുകൾക്ക് സമീപത്തെ വീടുകളുടെ സ്ട്രക്ചറൽ ഓഡിറ്റ് റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കും. ആൽഫ സെറീൻ ഫ്ലാറ്റിനു സമീപത്തെ ഏഴു വീടുകളിൽ ബുധനാഴ്ചയാണ് സ്ട്രക്ചറൽ ഓഡിറ്റിംഗ് നടത്തിയത്. സർക്കാരിൽ നിന്ന് ലഭിക്കുന്ന തുടർ നിർദേശപ്രകാരമാകും മറ്റു വീടുകളിലെ പരിശോധന. ഫ്ലാറ്റ് പൊളിക്കുമ്പോൾ വീടുകൾക്ക് ഉണ്ടാകുന്ന നഷ്ടം കണക്കാക്കുന്നതിനാണ് ഓഡിറ്റിംഗ്. പരിശോധനാഫലം അസോസിയേഷൻ ഒഫ് ജിയോ ടെക്‌നിക്കൽ കൺസൾട്ടിംഗ് എൻജിനിയേഴ്‌സ് പ്രതിനിധികൾ വിശദമായി പഠിച്ചശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. നിലവിലുള്ള വിള്ളലുകൾ, അടിത്തറയുടെ ബലം, തറവിസ്തീർണം, നിലവിലെ മാർക്കറ്റ് വില എന്നിവ തീരുമാനിക്കാൻ റിപ്പോർട്ട് മാനദണ്ഡമാകും. ഇൻഷുറൻസ് കമ്പനിയുമായി ഓഡിറ്റിംഗിന് ബന്ധമില്ല. ഇൻഷുറൻസ് പണം നൽകേണ്ടിവന്നാൽ റിപ്പോർട്ട് രേഖയായി പരിഗണിക്കും. സുരക്ഷ ഏർപ്പെടുത്താനുള്ള തീരുമാനത്തിനും ഇത് ബാധകമാകും.