കൊച്ചി: 'പഠിച്ച് ജോലി നേടി കുടുംബത്തിന് താങ്ങാവുക' 23കാരൻ യദുലാലിന്റെ സ്വപ്നം അതുമാത്രമായിരുന്നു. പോളിടെക്നിക് ഇലക്ട്രോണിക്സ് ഡിപ്ളോമ ഫസ്റ്റ്ക്ളാസിൽ പാസായിട്ടും കമ്പ്യൂട്ടർ കോഴ്സിന് ചേർന്നത് ആ ലക്ഷ്യത്തിലേക്ക് എത്താനായിരുന്നു. അഡ്വാൻസ്ഡ് കോഴ്സിന് ചേരാനായി 5000 രൂപ വേണമെന്ന ആവശ്യം മടിച്ചു മടിച്ചാണ് യദു രോഗക്കിടക്കയിലുള്ള അമ്മ നിഷയോട് പറഞ്ഞത്. അമ്മ വഴി അച്ഛൻ ലാലൻ കാര്യമറിഞ്ഞു. വ്യാഴാഴ്ച രാവിലെ കമ്പ്യൂട്ടർ പഠനത്തിനായി ഇറങ്ങിയ മകന് ചോറു പൊതിഞ്ഞു നൽകിയ ശേഷം ലാലൻ ആ പണം നീട്ടി. അമ്മയ്ക്ക് റേഡിയേഷൻ ചെയ്യാനുള്ള ദിവസമായിരുന്നു അന്ന്. അതുകൊണ്ട് തന്നെ പണം ഇപ്പോൾ വേണ്ടെന്ന് യദു അച്ഛനോട് പറഞ്ഞു. ഏറെ നിർബന്ധിച്ചാണ് ആ പണം അവൻ വാങ്ങിയത്. എന്നാൽ, ആ പണം കമ്പ്യൂട്ടർ സെന്ററിലെത്തിയില്ല. ക്ളാസിലെത്തും മുമ്പേ നടുറോഡിലെ കുഴി അവന്റെ ജീവനെടുത്തു. പൊലീസ് ഇൻക്വസ്റ്റിന് ശേഷം ആ പണം ലാലൻ കൈ നീട്ടി വാങ്ങിയത് കണ്ടുനിന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി. അർബുദരോഗിയായ അമ്മ റേഡിയേഷനായി വീട്ടിൽ നിന്ന് ഇറങ്ങവെയാണ് യദുലാലിന്റെ മരണവാർത്ത വീട്ടിലറിയുന്നത്. തളർന്നുവീണ അമ്മ ഇപ്പോഴും സുഖം പ്രാപിച്ചിട്ടില്ല. യദു ഓൺലൈൻ ഭക്ഷണ വിൽപന അടക്കമുള്ള ജോലികൾ ചെയ്താണ് പഠന ചെലവ് കണ്ടെത്തിയിരുന്നത്. ഏക സഹോദരന്റെ പഠന ചെലവും യദുവാണ് വഹിച്ചത്.
കുഴിയടയ്ക്കാത്തതിന് അധികൃതർ പരസ്പരം പഴി പറയുമ്പോഴും ഇതുപോലെ പാതിവഴിയിൽ സ്വപ്നങ്ങൾ അവസാനിച്ച് ലോകത്തോട് യാത്ര പറയേണ്ടി വരുന്നവരിൽ അവസാന പേരുകാരനായി യദുലാൽ. സെപ്തംബർ 30ന് എളംകുളത്തെ കുഴിയിൽ വീണ് ബസ് കയറിയിറങ്ങി മരിച്ച ഇടുക്കി സ്വദേശി ആർ. ഉമേഷ് കുമാറായിരുന്നു തൊട്ടുമുന്നിലത്തെ ഇര. അന്ന് ഇത്തരം മരണം അവസാനത്തേതായിരിക്കുമെന്ന മട്ടിൽ 'ഉണർന്ന് പ്രവർത്തിച്ച' അധികൃതർ പിന്നീട് അനങ്ങിയില്ല.
പ്രതിഷേധം ആളുന്നു
യദുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് കൂട്ടുകാരും ബന്ധുക്കളും നാട്ടുകാരും ചേർന്ന് രൂപീകരിച്ച ജനകീയ കൂട്ടായ്മ ഇന്നലെ വൈകിട്ട് മാർച്ച് സംഘടിപ്പിച്ചു. ഇടപ്പള്ളിയിൽ നിന്നാരംഭിച്ച മാർച്ച് പാലാരിവട്ടം മെട്രോസ്റ്റേഷനടുത്ത് യദുവിന്റെ ജീവനെടുത്ത കുഴിയ്ക്കടുത്ത് അവസാനിപ്പിച്ചു. ശേഷം മാർച്ചിൽ പങ്കെടുത്തവർ യദുവിന്റെ ചിത്രത്തിനടുത്ത് മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചു. നൂറുകണക്കിനാളുകളാണ് മാർച്ചിൽ പങ്കെടുത്തത്. മാർച്ചിന്റെ കാരണമറിഞ്ഞ് വഴിയിൽ നിന്ന് പോലും പ്രതിഷേധത്തിൽ ചേർന്നവർ ഏറെയാണ്.
ഞങ്ങളുടെ നഷ്ടത്തിന് പരിഹാരമില്ല
'യദു പോയതിന്റെ നഷ്ടത്തിന് പരിഹാരമൊന്നുമില്ല. അമ്മ നിഷയുടെ അസുഖം ഞങ്ങളുടെ കുടുംബത്തെ തളർത്തിയിട്ട് വർഷങ്ങളായി. രണ്ടു മക്കളുടെയും സന്തോഷത്തോടെയുള്ള മുഖം കണ്ടിട്ടും നാളേറെയായി. വീട്ടിലെ സാഹചര്യങ്ങൾ മനസിലാക്കിയേ അവർ ഇതുവരെ പെരുമാറിയിട്ടുള്ളൂ. ഫീസ് ചോദിക്കാൻ മടിയായതിനാലാണ് യദു പാർട്ട് ടൈം ജോലിക്ക് പോയത്. അവന്റെ മരണം മൂലം റോഡിലെ കുഴികൾ നികത്തിയത് നന്നായി. നാളെ മറ്റൊരു കുഞ്ഞിന് ഇങ്ങിനെയൊന്നും സംഭവിക്കാതിരിക്കട്ടെ
ചെറുപ്രായത്തിലാണ് മകനെ നഷ്ടമായത്. അനാസ്ഥ കാട്ടിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിവേണം.'
ലാലൻ
യദുവിന്റെ അച്ഛൻ