കൊച്ചി: റാഫേൽ മെസിയുടെ മാന്ത്രിക കാലുകൾ ചതിച്ചില്ല. രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്ന ബ്ളാസ്റ്റേഴ്സിനെ സമനിലയിലെത്തിച്ചു. ഇന്നലെ ഐ.എസ്.എല്ലിൽ സ്വന്തം തട്ടകത്തിൽ കേരള ബ്‌ളാസ്‌റ്റേഴ്സ് ജംഷഡ്പൂർ എഫ്.സിയോട് 2 -2 നാണ് സമനില ചൊല്ലി പിരിഞ്ഞത്.
38 ാം മിനിട്ടിൽ പെനാൽട്ടിയിലൂടെ പിറ്റി ബ്‌ളാസ്‌റ്റേഴ്സിന്റെ നെഞ്ചകം തകർത്തു. ആടിയുലഞ്ഞ ബ്ളാസ്‌റ്റേഴ്സ് പതുക്കെ കളി വരുതിയിലാക്കിയെങ്കിലും ഗോൾ മാത്രം പിറന്നില്ല. ജംഷഡ്പൂരിനായി പകരക്കാരനായി ഇറങ്ങിയ മലയാളികളുടെ സ്വന്തം സി.കെ. വിനീത് 72 ാം മിനിട്ടിൽ ബ്ളാസ്‌റ്റേഴ്സ് വല കുലുക്കിയതോടെ എല്ലാം തീർന്നുവെന്ന് കരുതി. 2.-0. പിന്നീടായിരുന്ന ബ്ളാസ്‌റ്റേഴ്സിന്റെ ഉയിർത്തെഴുന്നേൽപ്പ്. 75 ാം മിനിട്ടിൽ ജംഷഡ്പൂർ പ്രതിരോധ നിരയിൽ നിന്ന് പന്ത് റാഞ്ചിയ മലയാളി താരം സഹലിന്റെ ക്രോസിൽ റാഫേൽ മെസിയുടെ മനോഹരമായ ഗോൾ. 2- 1. ഗാലറികൾ ഇളകിമറഞ്ഞു. വൈകിയില്ല, അടുത്ത സുവർണ നിമിഷം. ബോക്സിൽ ബ്ളാസ്‌റ്റേഴ്സിന്റെ മുന്നേറ്റത്തിൽ സെത്യാസെൻ സിംഗിനെ വീഴ്ത്തിയതിന് കാത്തിരുന്ന പെനാൽട്ടി. സുന്ദരമായി മെസിയുടെ ഷോട്ട് വലയിൽ കയറി . 2-2. പിന്നീട് അഞ്ചു മിനിട്ടിൽ ബ്ളാസ്‌റ്റേഴ്സ് മിന്നികയറിയെങ്കിലും ജയത്തിലേക്ക് പന്ത് പായിക്കാനായില്ല. എന്നാലും ആശ്വസിക്കാം, പടക്കളത്തിൽ പൊരുതി നേടിയ സമനിലയിൽ. ഇതോടെ എട്ടു മത്സരങ്ങളിൽ നാലു സമനിലയും മൂന്ന് തോൽവിയും ഒരു ജയവുമാണ് ബ്ളാസ്‌റ്റേഴ്സ് പോക്കറ്റിൽ.
ആദ്യ പകുതിയുടെ ആദ്യ മിനിട്ടിൽ തന്നെ ബ്ളാസ്‌റ്റേഴ്സ് വലയിൽ ഗോൾ വീണേനെ. ഭാഗ്യം തട്ടിയകറ്റി. പ്രതിരോധ നിര ഗോൾകീപ്പർ രഹനേഷിന് നൽകിയ പാസ് ഒരു തരത്തിലാണ് താരം രക്ഷപ്പെടുത്തിയത്. ജംഷഡ്പൂർ മുന്നേറ്റനിരയുടെ പാളിച്ചയിലാണ് ബ്ളാസ്‌റ്റേഴ്സ് രക്ഷപ്പെട്ടത്. ഇതിന് തൊട്ടു പിന്നാലെ സെത്യാസെൻ സിംഗിന്റെ ക്രോസിൽ മരിയോ അർക്കേസ് തലവച്ചെങ്കിലും ജംഷഡ്പൂർ ഗോളി സുബ്രതോ പോൾ പന്ത് കൈക്കുള്ളിലാക്കി.
23 ാം മിനിട്ടിൽ ജംഷഡ്പൂരിന്റെ ഗംഭീര മുന്നേറ്റത്തിൽ ബ്ളാസ്‌റ്റേഴ്സിന്റെ പ്രതിരോധം ആടിയുലഞ്ഞു. നരേന്ദ്രർ ഗെലാേട്ട് ബോക്‌സ് വരെ എത്തിച്ച ക്രോസിൽ ഫറൂഖ് ചൗധരിക്ക് കാൽ വയ്ക്കാനായില്ല. ബ്ളാസ്‌റ്റേഴ്സ് ഗോളി മാത്രമായിരുന്നു മുന്നിൽ. പിന്നീടായിരുന്നു വെറുതെ ഒരു പെനാൽറ്റി വഴങ്ങിയ ബ്ളാസ്‌റ്റേഴ്സിന്റെ കളി. ജംഷഡ്പൂർ താരം ടിരിയെ കോർണർ കിക്കിനിടെ പ്രതിരോധ താരം ഡ്രോബറോസ് വലിച്ചിടുന്നു. പെനാൽറ്റിയെടുത്ത ടിനി കൂളായി പത്ത് വലയിലാക്കി. ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന് ബ്ളാസ്‌റ്റേഴ്സ് പരിശീലകൻ ഈൽക്കോ ഷട്ടോറിക്ക് മഞ്ഞകാർഡും കിട്ടി.
പരിക്കിൽ നിന്ന് മുക്തനായ മരിയോ ആർക്കേസ് മടങ്ങിയെത്തി. എന്നാലും ക്യാപ്‌ടനും സ്‌ട്രൈക്കറുമായ ബത്തലോമിയ ഒഗ്ബെച്ചെ പരിക്കേറ്റ് പുറത്തായി.സെർജിയോ സിഡോഞ്ചയാണ് ബ്ളാസ്‌റ്റേഴ്സിനെ നയിച്ചത്.