gandhi-aluva
ആലുവ അദ്വൈതാശ്രമത്തിൽ വിവാഹച്ചടങ്ങിന് ശേഷം ടൗൺ ഹാളിന് മുന്നിലെ രാഷ്ട്രപിതാവിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന ബിയൂഷ് വി.കുമാറും ആതിരയും

കൊച്ചി: താലി കെട്ട് കഴിഞ്ഞ് രാഷ്ട്രപിതാവിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി പ്രണമിച്ച് ദാമ്പത്യ ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കാനും ഇക്കാലത്ത് ആളുണ്ട്.

കഴിഞ്ഞ ദിവസം ആലുവ അദ്വൈതാശ്രമത്തിൽ വിവാഹിതരായ കൊല്ലം പുനലൂർ കോമളംകുത്തിൽ ക്യാപ്റ്റൻ വിനോദ് കുമാറിന്റെ മകൻ ബിയൂഷ് വി.കുമാറും ഇടപ്പള്ളി പോണേക്കര ചിറയിൽ ജല അതോറിറ്റി ഉദ്യോഗസ്ഥൻ പി.വി.രഘുവരന്റെ മകൾ ആതിരയുമാണ് ഈ അപൂർവ ദമ്പതികൾ.

അദ്വൈതാശ്രമത്തിന് സമീപമുള്ള ആലുവ ടൗൺഹാളിന് മുന്നിലെ റോഡരികിലുള്ള ഗാന്ധി സ്ക്വയറിലെ പ്രതിമയിലാണ് ഇവർ പുഷ്പാർച്ചന നടത്തിയത്. ശ്രീനാരായണ ഗുരുവിന്റെ അദൃശസാന്നിദ്ധ്യം നിറഞ്ഞു നിൽക്കുന്ന അദ്വൈതാശ്രമം തന്നെ വിവാഹത്തിന് തിരഞ്ഞെടുത്തതും ഗുരുവിനോടുള്ള ആരാധന കൊണ്ടാണ്. വർക്കല ശിവഗിരി മഠത്തിൽ ഗുരുവും ഗാന്ധിജിയും നേരിൽ കണ്ട ചരിത്രവുമുള്ളപ്പോൾ രണ്ട് മഹാത്മാക്കളുടെയും അനുഗ്രഹം തേടിയെന്നേയുള്ളെന്ന് ബിയൂഷ് പറഞ്ഞു.

തിരുവനന്തപുരം ആർട്ട്സ് കോളേജിൽ നിന്ന് ഫൈൻ ആർട്ട്സിൽ മാസ്റ്റർ ബിരുദം നേടിയ ശേഷം കൊച്ചിയിൽ സോഫ്റ്റ്‌വെയർ സ്ഥാപനം നടത്തുകയാണ് ബിയൂഷ്. വധു ആതിര ബി.ടെക്കുകാരിയാണ്. ഇപ്പോൾ എം.എസ്.ഡബ്ള്യൂ കോഴ്സും ചെയ്യുന്നുണ്ട്. കൊച്ചി മെട്രോ ജീവനക്കാരിയായിരുന്നു.

ധാരാളം ചടങ്ങുകൾ നടക്കുന്ന വേദിയാണ് ആലുവ ടൗൺ ഹാൾ. എന്നാൽ ഗേറ്റിനു മുന്നിലുള്ള ഗാന്ധിജിയുടെ മനോഹരമായ പ്രതിമയെ ആരും ഗൗനിക്കുക പതിവില്ല. വിവാഹഹാരങ്ങളിഞ്ഞെത്തിയ നവദമ്പതികൾ പുതുമോടിയിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നത് നാട്ടുകാരിലും കൗതുകമുണർത്തി.