road
ബെത് ലേഹേം ഭാഗത്തെ റോഡ് ഫോട്ടോ ഒന്ന്

കിഴക്കമ്പലം: ദുർഘടയാത്രയുടെ ദുരിതം നേരിട്ട് അനുഭവിക്കണമെങ്കിൽ കിഴക്കമ്പലം നെല്ലാട് റോഡിലൂടെ യാത്രചെയ്താൽ മതിസർവത്ര കുഴികളാണ് നിങ്ങളെ കാത്തിരിക്കുന്നത്. കിഫ്ബി റോഡു നിർമ്മാണം ഏറ്റെടുത്തതോടെ പൊതുമരാമത്ത് വകുപ്പ് ഒഴിഞ്ഞു. കിഫ്ബിയാകട്ടെ നാട്ടുകാർ പരമാവധി കഷ്ടപ്പാടനുഭവിച്ചിട്ട് മതി റോഡ് നന്നാക്കലെന്ന വാശിയിലും.

കുഴികൾ ഇവിടെയൊക്കെ

# മൈലാടുംകുന്നിൽ

കിഴക്കമ്പലത്തു നിന്ന് യാത്ര തുടങ്ങിയാൽ ആദ്യം അനുഭവിക്കേണ്ടത് മൈലാടുംകുന്നിലെ കുഴിയാണ്. ഒന്നൊന്നര കുഴിയാണത്. ഈ കുഴി കടന്നാൽ അടുത്തകുഴി നിങ്ങളെ കാത്തിരിക്കുന്നുണ്ട്.

# ബെത് ലെഹേം സ്കൂളിനടുത്ത്

മഴ കുറഞ്ഞതിനാൽ മ​റ്റ് കുഴികളെല്ലാം ഉണങ്ങിക്കിടക്കുമ്പോഴും വാട്ടർ അതോറി​റ്റിയുടെ സഹായത്താൽ ബെത് ലെഹേം സ്കൂളിനടുത്തുള്ള കുഴിക്കുള്ളിൽ കുടിവെള്ളം നിറഞ്ഞുകിടക്കുന്നു. കുഴിയിൽ വീണാൽ ചെളിയഭിഷേകമുറപ്പ്.

# എരപ്പുംപാറയിൽ

എരപ്പുംപാറയിലെ കുഴികൾക്ക് വളർച്ചയിൽ ഇരട്ടി വേഗമാണ്. വഴിയോ ഇല്ല. ഉള്ള വഴിയിലൂടെ പോകുന്ന ടോറസുകൾ മത്സരിച്ചാണ് കുഴിക്ക് ആഴം കൂട്ടുന്നത്.

# മാവിൻചുവട്ടിൽ

പട്ടിമറ്റം കടന്ന് മുന്നോട്ട് നീങ്ങുമ്പോൾ മാവിൻചുവട്ടിൽ ഒന്നരയടി താഴ്ചയിലാണ് സ്പെഷ്യൽ കുഴി.

# കോലാൻകുടിയിൽ

കോലാൻകുടിയിലെ കുഴി മീൻ വളർത്തലിനു കുളമാക്കാറായി. കുഴിയിൽ മീനിട്ട് വളർന്ന് കറിവയ്ക്കാൻ പാകമായാലും കുഴി മൂടില്ലെന്നുറപ്പാണ്. ഓരോ ദിവസം ചെല്ലുന്തോറും കുഴിയുടെ വലിപ്പം കൂടി വരുന്നുണ്ട്.

ആകെ ആശ്വാസം വലമ്പൂരെത്തുമ്പോഴാണ് . മഴുവന്നൂർക്ക് തിരിയുന്ന ലൈബ്രറി ജംഗ്ഷൻ വരെ കുലുങ്ങാതെ പോകാം.

# ചമ്പിലിപ്പടിയിൽ

മംഗലത്തുനട ചമ്പിലിപ്പടിയിലെ കുഴിയിൽ വാഹനത്തിന്റെ അടി ഭാഗം ഇടിക്കാതെ കുഴി കടത്തണമെങ്കിൽ സർക്കസ് പഠിക്കാതെ നിവൃത്തിയില്ല.

# പട്ടിമറ്റം പത്താം മൈൽ റോഡും തഥൈവ

ഈ റോഡിലെ കുഴിയുടെ കഥ പറയുമ്പോൾ ചേർത്തു പറയേണ്ടത് പട്ടിമറ്റം പത്താം മൈൽ റോഡിനെക്കുറിച്ചാണ് വലിയ കിടങ്ങായി തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തോളമായി. ഇവിടെ ഇരുചക്ര വാഹങ്ങൾ തെന്നി വീഴുന്നതും പതിവാണ്. റോഡ് ഉയർത്താൻ ഇറക്കിയിട്ട മെറ്റലുകൾ ഇളകി പൊടി ഉൾപ്പെടെ യാത്രക്കാരെ കഷ്ടപ്പെടുത്തുമ്പോഴും ടാറിംഗ് സ്വപ്നമായി അവശേഷിക്കുന്നു.

കുഴിയില്ലാത്ത റോഡ് കാണിച്ച് തന്നാൽ സമ്മാനം

തീർന്നില്ല, 'കുന്നത്തുനാടിലെ റോഡുകൾ' വാട്സാപ്പ് കൂട്ടായ്മ ഒരു മത്സരവും സംഘടിപ്പിക്കുന്നു. കുന്നത്തുനാട്ടിലെ ഒരു കുഴി പോലുമില്ലാത്ത നാല് കിലോ മീറ്റർ റോഡിന്റെ പൂർണവിവരം നൽകുന്നവർക്ക് അരപ്പവൻ സ്വർണം സമ്മാനം.