കൊച്ചി : എറണാകുളം ജില്ലാ ഗവൺമെന്റ് പ്ളീഡറുടെ നിയമനം ചുവപ്പുനാടയിൽ കുരുങ്ങിയിട്ട് ഒമ്പതു മാസം. കഴിഞ്ഞ മാർച്ചിലാണ് അഡ്വ. ജി. വിജയൻ ഈ സ്ഥാനമൊഴിഞ്ഞത്. ആലുവ നഗരസഭാംഗം കൂടിയായ സി.പി.ഐ നേതാവ് അഡ്വ. മനോജ്. ജി. കൃഷ്‌ണന്റെ പേര് പകരം നിർദ്ദേശിച്ചിരുന്നു. അഡ്വ. മനോജിനെതിരെ രാഷ്ട്രീയ കേസുകൾ നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ക്ളിയറൻസ് ലഭിച്ചില്ല. അങ്ങിനെ നിയമ വകുപ്പ് ഫയൽ മുഖ്യമന്ത്രിക്ക് വിട്ടു. പകരം മറ്റൊരു പേര് നിർദ്ദേശിക്കേണ്ടതില്ലെന്ന് സി.പി.ഐ ജില്ലാ നേതൃത്വവും നിലപാടെടുത്തതാണ് പ്രശ്നമായത്. അഡ്വ. മനോജിനെതിരെ സമരങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയ കേസുകൾ മാത്രമാണുള്ളതെന്ന് റൂറൽ എസ്.പി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നാണ് ഒടുവിലുള്ള സൂചന. ഇതുകൂടി പരിഗണിച്ചാവും മുഖ്യമന്ത്രി തീരുമാനമെടുക്കുക.
ജില്ലാ ഗവൺമെന്റ് പ്ളീഡർ ആൻഡ് പബ്ളിക് പ്രോസിക്യൂട്ടർ
ഏഴു വർഷത്തിൽ കുറയാതെ പ്രാക്ടീസുള്ള അഭിഭാഷകനെയാണ് ഈ പദവിയിലേക്ക് മൂന്നുവർഷത്തേക്ക് നിയമിക്കുക. പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെ ക്രിമിനൽ കേസ് നടത്തിപ്പാണ് മുഖ്യചുമതല.
കീഴ്കോടതികളിൽ സർക്കാരിന്റെ നിലപാട് തേടി അറിയിക്കാനും ജില്ലാ ജി.പിക്ക് ചുമതലയുണ്ട്. ക്രിമിനൽ നടപടി ചട്ടത്തിലെ 24 -ാം വകുപ്പനുസരിച്ച് ജില്ലാ ജഡ്ജിയുമായി കൂടിയാലോചിച്ച് അതത് ജില്ലാ കളക്ടർമാർ തയ്യാറാക്കുന്ന പാനലിൽ നിന്നാണ് ഇവരെ നിയമിക്കുന്നത്. ഇതാണ് ചട്ടമെങ്കിലും രാഷ്ട്രീയ താല്പര്യങ്ങളാണ് പ്രധാനം.