അങ്കമാലി: സ്‌പെഷ്യൽ സ്‌കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ (ഡിസ്റ്റ്) സാമൂഹ്യസേവന വിഭാഗം സംഘടിപ്പിച്ച ജിംഗിൾബെൽസ് 19 ഫെസ്റ്റിൽ കിടങ്ങൂർ അൽഫോൻസ സദൻ കിരീടം ചൂടി. വിൻസെൻഷ്യൻ കോൺഗ്രിഗേഷൻ ജനറൽ കൗൺസിലർ ഫാ. അലക്‌സ് ചാലങ്ങാടി ഉദ്ഘാടനം ചെയ്തു. ഡിസ്റ്റ് പ്രിൻസിപ്പൽ ഡോ. സി.ജെ. ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. തൃശൂർ , എറണാകുളം ജില്ലകളിലെ സ്‌പെഷ്യൽ സ്‌കൂളുകളിൽ നിന്നായി നൂറ്റമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ ജേതാക്കൾക്ക് സിനിമ അഭിനേതാവും തിരക്കഥാകൃത്തുമായ ബിബിൻ ജോർജ്, കോളേജ് ഡയറക്ടർ ഫാ. ജോർജ് പോട്ടയിൽ എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു.