കൊച്ചി: അടുത്ത മാർച്ചിനുള്ളിൽ കൊച്ചി നഗരസഭയിലെ പദ്ധതി നിർവഹണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണം. ഇല്ലെങ്കിൽ തുക ലാപ്സാകും. 1515 പദ്ധതികളാണ് പൂർത്തിയാക്കേണ്ടത്. എന്നാൽ 343 പദ്ധതികൾക്കപ്പുറം കടക്കാൻ നഗരസഭയ്ക്ക് കഴിയുമോയെന്ന് കണ്ടറിയണം. ഭരണപരമായ അനിശ്ചിതത്വം പദ്ധതി നിർവഹണ പ്രവർത്തനങ്ങളുടെ താളം തെറ്റിച്ചിരിക്കുകയാണ്. സ്ഥിരംസമിതി അദ്ധ്യക്ഷൻമാരുടെ രാജി, പദ്ധതി പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കേണ്ട അദ്ധ്യക്ഷ സ്ഥലത്തില്ലാത്തത്, മേയർ മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ, വരാനിരിക്കുന്ന കൂട്ട തിരഞ്ഞെടുപ്പുകൾ, കൂനിൻമേൽ കുരുപോലെ കരാറുകാരുടെ സമരം ... വിവാദങ്ങളിൽപെട്ട് ഭരണസമിതി ആടിയുലയുന്നതിനിടെ വികസനകാര്യങ്ങളെക്കുറിച്ച് ആലോചിക്കാൻ ഭരണക്കാർക്ക് സമയമെവിടെ.

# 2019-20 ൽ പൂർത്തീകരിക്കേണ്ട പദ്ധതികൾ

പുതിയത്: 990

മുൻ വർഷത്തിലെ സ്പിൽ ഓവർ: 525

ആകെ : 1515

നിർമ്മാണ പ്രവർത്തനങ്ങൾ: 1339

പുതിയത്: 791

സ്പിൽ ഓവർ: 475

ടെൻഡർ ചെയ്ത പ്രവൃത്തികൾ: 708

# ചെലവഴിക്കേണ്ട തുക

മാർച്ചിൽ പൂർത്തിയാക്കേണ്ടത് 210 കോടി രൂപയുടെ പദ്ധതികൾ

ഇതുവരെ ചെലവഴിച്ചത് 44 കോടി മാത്രം

# പിടിപ്പുകേടെന്ന് പ്രതിപക്ഷം

നഗരസഭയുടെ തനത് വരുമാനത്തിൽ കുറവ് വരികയും പ്ലാൻഫണ്ടിൽ നിന്ന് വെള്ളക്കരമടക്കം സർക്കാരിന് നൽകാനുള്ള പണം വെട്ടിക്കുറയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ വികസന പ്രവർത്തനങ്ങൾക്ക് പണം തികയാതെ വരുകയാണ്. അഴിമതിയും കെടുകാര്യസ്ഥതയുംനിറഞ്ഞ ഭരണവും നാഥനില്ലാത്ത അവസ്ഥയുമാണ് നഗരസഭയിൽ നിലനിൽക്കുന്നത്. പദ്ധതി വിഹിതത്തിന്റെ 22 ശതമാനം മാത്രമാണ് ഇതുവരെ ചെലവഴിച്ചിട്ടുള്ളത്. വളരെക്കുറച്ച് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടയിലാണ് വികസനസമിതി അദ്ധ്യക്ഷയുടെ വിദേശയാത്ര. 2020–21 വർഷത്തിലെ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സർക്കാർ മാർഗനിർദ്ദേശം പുറപ്പെടുവിച്ചുകഴിഞ്ഞു. ഇതനുസരിച്ച് സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കലും വികസന സെമിനാറുകൾ സംഘടിപ്പിക്കലും അടക്കം നിരവധി ജോലികളാണ് പൂർത്തിയാക്കേണ്ടത്. ദുരന്തനിവാരണം സംബന്ധിച്ചും ചില മാർഗനിർദ്ദേശങ്ങൾ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകിയിട്ടുണ്ട്. എന്നാൽ ഇവയൊന്നും കൊച്ചി നഗരസഭയിൽ നടപ്പാക്കിയിട്ടില്ല.

വി.പി .ചന്ദ്രൻ

പ്രതിപക്ഷ കൗൺസിലർ

# സർക്കാരിനെ അറിയിക്കും

പദ്ധതി നിർവഹണം സംബന്ധിച്ച് ആശങ്കയില്ല. ഇതുവരെ 22.02 കോടി ചെലവഴിച്ചു. കരാറുകാർക്ക് 2017 ജൂൺ വരെയുള്ള കുടിശിക കൊടുത്തു. എന്നിട്ടും അവർ പ്രവൃത്തികൾ ഏറ്റെടുക്കാൻ തയ്യാറാകുന്നില്ല. കരാറുകാർക്ക് നൽകേണ്ടതായ 18.84 കോടി രൂപയുടെ ബില്ലുകൾ ട്രഷറിയിൽ കെട്ടിക്കിടക്കുകയാണ്. എത്രയും വേഗം ബില്ലുകൾ പാസാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് കത്തെഴുതും.

മേയർ സൗമിനി ജെയിൻ