ആലുവ: കുറ്റവാളികളെ ലക്ഷ്യമാക്കി റൂറൽ ജില്ലയിൽ ഓപ്പറേഷൻ ഡാർക്ക് ഹണ്ട് എന്ന പേരിൽ വീണ്ടും കൂട്ട കരുതൽ തടങ്കൽ അറസ്റ്റ്. കഴിഞ്ഞ ദിവസം 236 പേരെയാണ് കരുതൽതടങ്കൽ പ്രകാരം അറസ്റ്റ് ചെയ്തത്.
കൊടും കുറ്റവാളികളെ ജില്ലയിൽ നിന്ന് നാടുകടത്തുകയെന്ന സംവിധാനം പരീക്ഷിച്ചെങ്കിലും ഫലവത്താകാത്തതാണ് കൂടുതൽ തടങ്കൽ അറസ്റ്റ് നടപ്പിലാക്കാൻ ജില്ലാ റൂറൽ പൊലീസിനെ നിർബന്ധിതമാക്കിയത്. നാടുകടത്തപ്പെട്ടവരാണ് അത്താണി കൊലപാതകത്തിൽ പ്രതിയായത്.
എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നുമായി അറസ്റ്റ് ചെയ്തവരിൽ ഗുണ്ടാ പ്രവർത്തനം, മയക്കുമരുന്ന് കടത്ത് , അനധികൃത മണൽകടത്ത്, മറ്റ് പൊതുജന സമാധാന ലംഘനം നടത്തുന്നവർ എന്നിവർ ഉൾപ്പെടുന്നു. ഇത്തരക്കാരുടെ ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങൾ, മറ്റ് സാമൂഹ്യബന്ധങ്ങൾ എന്നിവ പൊലീസ് നിരന്തരം നിരീക്ഷിച്ച് വിലയിരുത്തിയതിനുശേഷമായിരുന്നു അറസ്റ്റ്.
ഗുണ്ടാ പ്രവർത്തനങ്ങൾക്കെതിരെ കർശനനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ കോമ്പിംഗ് ഓപ്പറേഷനുകൾ നടത്തി. തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 187 പേർക്കെതിരെ വിവിധ വകുപ്പു പ്രകാരം കേസെടുത്തു. തുടർച്ചയായി പൊതുജന സമാധാനലംഘന പ്രവർത്തനങ്ങൾ നടത്തുന്ന 10 പേർക്കെതിരെ കാപ്പ നിയമപ്രകാരമുള്ള റിപ്പോർട്ട് അയച്ചതായും എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് അറിയിച്ചു.