വൈപ്പിൻ : ഏഴിമല നാവിക അക്കാഡമിയിൽ പഠനം പൂർത്തിയാക്കി സബ്. ലഫ്റ്റനന്റ് പദവിയിൽ എത്തിയ നായരമ്പലം സ്വദേശി അക്ഷയ് പ്രദീപിന് നാവികന് ആദരവുമായി വിദ്യാർത്ഥികളും നാട്ടുകാരും. എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെയും നേവൽ എൻ.സി.സിയുടെയും നേതൃത്വത്തിലായിരുന്നു വീട്ടിലെത്തി ആദരിച്ചത്.
120 വിദ്യാർത്ഥികൾ അടങ്ങിയ സംഘത്തിൽ നിന്ന് അക്ഷയ് പ്രദീപ് അടക്കം രണ്ടുപേർക്ക് മാത്രമാണ് അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻസിലേക്ക് പ്രവേശനം ലഭിച്ചത്. തുടർന്ന് നാലു വർഷത്തെ പഠനത്തിനും പരിശീലനത്തിനും ഒടുവിൽ ബി.ടെക് ബിരുദത്തോടെ കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്ത് നിയമിതനായി.
നായരമ്പലം വെട്ടുവേലിൽ പ്രദീപിന്റെയും ശ്രീഭദ്രയുടെയും മൂത്തമകനാണ് 22 കാരനായ അക്ഷയ്. സംഗീതത്തിലും ഡ്രംസിലും താത്പര്യമുള്ള അക്ഷയ് പഠനകാലത്ത് സംസ്ഥാന കലോത്സവത്തിൽ കഥകളി സംഗീതത്തിൽ ഒന്നാംസ്ഥാനം നേടിയിരുന്നു. സഹോദരി അഭിരാമി പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. അക്ഷയിനെ എം.സി. നന്ദകുമാർ, അദ്ധ്യാപകരായ ജോസഫ് ആൻഡ്രു, ടി രത്‌നം , സുനിൽ മാത്യു , കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ കെ.ജി. ഹരികുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ചു.