കൊച്ചി: കേരള യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ ട്രാൻസ്‌ജെൻഡർ യുവജനങ്ങൾക്കായി 16 മുതൽ 21 വരെ 'മാരിവില്ല് 19' എന്ന പേരിൽ യുവജനസംഗമം സംഘടിപ്പിക്കും. വൈറ്റില തൈക്കൂടം ആസാദി കോളേജിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ട്രാൻസ്‌ജെൻഡർ സമൂഹം അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളിൽ 13 പ്രബന്ധാവതരണങ്ങളും തൊഴിൽചിത്രരചന പരിശീലന ക്ലാസുകളും നടക്കുമെന്ന് കേരള യുവജനക്ഷേമ ബോർഡ് അംഗം എസ്. സതീഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
16 മുതൽ 18 വരെ നടക്കുന്ന ചിത്രരചനാ തൊഴിൽ പരിശീലന ക്യാമ്പ് സംവിധായികയും എഴുത്തുകാരിയും ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റുമായ എ. രേവതി ഉദ്ഘാടനം ചെയ്യും. 19ന് ചിത്രരചനാ ക്യാമ്പിൽ തയ്യാറാക്കിയ ചിത്രങ്ങളുടെ പ്രദർശനം ജി.സി.ഡി.എ ചെയർമാൻ അഡ്വ. വി. സലിമും പ്രബന്ധാവതരണങ്ങളുടെ ഉദ്ഘാടനം മുൻ എം.പി പി. രാജീവും നിർവഹിക്കും. 20ന് രാവിലെ 10ന് ട്രാൻസ്ജെൻഡർ യുവജനസംഗമം വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. എം. സ്വരാജ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയാകും. 5.30ന് സാംസ്‌കാരിക സമ്മേളനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 21ന് പ്രതിഭാസംഗമവും സമാപനസമ്മേളനവും സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു ഉദ്ഘാടനം ചെയ്യും.
കേരള സംസ്ഥാന യുവനക്ഷേമ ബോർഡ് അംഗം എസ്. സതീഷ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ സബിത സി.ടി, ജില്ലാ യൂത്ത് കോ ഓർഡിനേറ്റർ കെ.ടി. അഖിൽദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.