കൊച്ചി: സംസ്ഥാനത്തെ സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3201 നടത്തിയ റോട്ടറി ഒളിമ്പിക്‌സ് ഫോർ സ്‌പെഷ്യൽ എഡ്യൂക്കേഷൻ സ്റ്റുഡന്റ്‌സിന്റെ (റോസസ്) ഏഴാമത് എഡിഷനിൽ അടിമാലി മച്ചിപ്ലാവ് കാർമ്മൽ ജ്യോതി സ്‌കൂൾ അഞ്ചാം തവണയും ചാമ്പ്യൻപട്ടവും പ്രഥമ ബെന്നി ആൻഡ് ഷീല മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും കരസ്ഥമാക്കി. കൂനമ്മാവ് ചാവറ സ്‌പെഷ്യൽ സ്‌കൂൾ രണ്ടാം സ്ഥാനവും പൊതിയക്കര സ്‌നേഹ സദൻ സ്‌പെഷ്യൽ സ്‌കൂൾ മൂന്നാം സ്ഥാനവും നേടി.
കാലടി ശ്രീശങ്കര കോളേജ് മൈതാനിയിൽ നടന്ന മത്സരങ്ങൾ റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3201 ഗവർണർ മാധവ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്, കൊച്ചിൻട്രൈസിറ്റി, കൊച്ചിൻ വെസ്റ്റ് ക്ലബുകൾ സംയുക്തമായാണ് റോസസ് സംഘടിപ്പിച്ചത്. മത്സരങ്ങൾക്ക് കെ.പി. തോമസ് ,രാജാസ് തോമസ് എന്നിവർ നേതൃത്വം നൽകി. ശ്രീ ശങ്കരാ കോളേജ് പ്രിൻസിപ്പൽ ഡോ. എ. സുരേഷ്, ആദിശങ്കര എഡ്യൂക്കേഷൻ ട്രസ്റ്റ് സി.ഒ.ഒ. സി.പി ജയശങ്കർ, റോട്ടറി മൂവാറ്റുപുഴ റീജിയൺ ഡെപ്യൂട്ടി ഡിസ്ട്രിക്ട് ഡയറക്ടർ ജോഷി ചാക്കോ എന്നിവർ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. റോട്ടറി ഇന്റർനാഷനിലേയ്ക്ക് റോസസിന്റെ ഉപജ്ഞാതാക്കളായ ബെന്നി ജോർജിന്റെയും ഷീലയുടെയും പേരിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ആരംഭിച്ച എൻഡോവ്‌മെന്റ് ഫണ്ടിലേക്ക് റോസസ് സംഘാടകർ ആയിരം യു.എസ് ഡോളർ സംഭാവന നൽകി. റോസസ് ചെയർമാൻ എം. റോമിലാൽ, സെക്രട്ടറി ബിബു പുന്നൂരാൻ, സംഘാടക റോട്ടറി ക്ലബ് പ്രസിഡന്റുമാരായ മദൻ മോഹൻ, നിമീഷ് ജോൺ, ജോയ്ദീപ് മത്തായി എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.