കൊച്ചി: ക്രിസ്മസ് പടിവാതിൽക്കൽ എത്തിയതോടെ വിപണിയിൽ പിടിമുറുക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ. ഭക്ഷ്യസുരക്ഷാവിഭാഗം, ആരോഗ്യവിഭാഗം, അളവുതൂക്കവിഭാഗം എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിലുടനീളം പരിശോധനകൾ കർശനമാക്കിയത്. ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന ഭക്ഷ്യ ഉത്പന്നങ്ങൾ മായമില്ലാതാക്കാനാണ് ഇവരുടെ ശ്രമം.
കേക്ക്, വൈൻ എന്നീ ഉത്പന്നങ്ങളിൽ പരിശോധന കർശനമാക്കാൻ പതിവുപോലെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ സ്ക്വാഡ് തിരിഞ്ഞുള്ള പ്രവർത്തനം ഉൗർജിതമായി. കേക്ക്, വൈൻ നിർമ്മാണ കേന്ദ്രങ്ങളിലും ബേക്കറികളിലുമാണ് പരിശോധന നടത്തുന്നത്. സ്ക്വാഡിന്റെ പരിശോധനയിൽ ശേഖരിക്കുന്ന ഭക്ഷ്യവസ്തുക്കൾ അനലറ്റിക്കൽ ലാബുകളിൽ പരിശോധനയ്ക്ക് അയക്കുകയും മായം കലർത്തിയതെന്ന് കണ്ടെത്തിയാൽ നടപടി എടുക്കുകയും ചെയ്യും. ജില്ലയിൽ ഇതിനോടകം 31 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 88,000 രൂപ പിഴയിനത്തിൽ ഈടാക്കി. വിവിധ ജില്ലകളിൽ നിന്നുള്ള ഭക്ഷ്യസുരക്ഷാ വകുപ്പ് മേധാവികളുടെ നേതൃത്വത്തിൽ മൂന്നു ഇന്റർ ഡിസ്ട്രിക്ട് സ്‌ക്വാഡുകളാണ് ജില്ലയിൽ പരിശോധനയിലുള്ളത്.
ഓപ്പറേഷൻ രുചി
ഓപ്പറേഷൻ രുചി എന്ന പേരിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലും പരിശോധന നടക്കുന്നുണ്ട്. ജീവിതശൈലീ രോഗങ്ങൾ ചെറുക്കാനുള്ള ആർദ്രം പദ്ധതിയുടെ കീഴിലാണ് ഓപ്പറേഷൻ രുചി. ബേക്കറി നിർമ്മാണ കേന്ദ്രങ്ങളിലാണ് പ്രധാന പരിശോധന നടത്തുന്നത്. മറ്റ് ഉത്പന്നമെന്ന മട്ടിൽ വൈൻ വിൽക്കുന്നുണ്ടോ എന്നും പരിശോധിക്കും.
അളവുതൂക്ക വിഭാഗം
അളവുതൂക്കവിഭാഗം പ്രധാനമായും ലേബലിംഗിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഓരോ ഉത്പന്നത്തിലും അടങ്ങിയിരിക്കുന്ന വസ്തുക്കൾ എന്തൊക്കെയാണെന്നും അളവ് എത്രയാണെന്നും കൃത്യമായി പരിശോധിക്കാനാണ് ഇവർ മുന്നിട്ടിറങ്ങുന്നത്. സീസൺ പ്രമാണിച്ച് സ്ക്വാഡ് തിരിഞ്ഞുള്ള പ്രവർത്തനത്തിലാണ് ഈ വിഭാഗവും.
പരിശോധനയ്ക്ക് വിധേയമാകുന്നത്
ശുചിത്വം
ലേബലിംഗ്
ഭക്ഷണത്തിൽ ചേർക്കുന്ന നിറം
രുചിവർദ്ധക വസ്തുക്കൾ
പ്രിസർവേറ്റീവ്സ്
ഹോംമേയ്ഡിന് 100 മാർക്ക്
അതേസമയം ക്രിസ്മസ് സീസൺ സമയത്ത് വീട്ടമ്മമാർ നിർമ്മിച്ചു വിൽക്കുന്ന കേക്കുകൾക്കും മറ്റ് ഉത്പന്നങ്ങൾക്കും നൂറ് മാർക്കാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നൽകുന്നത്. ഇത്തരത്തിൽ കച്ചവടത്തിനിറങ്ങുന്നവർ പലപ്പോഴും രജിസ്ട്രേഷൻ സ്വന്തമാക്കിയതിന് ശേഷമാണ് ഹോംമേയ്ഡ് ഉത്പന്നങ്ങൾ വിൽക്കുന്നത്. വളരെ കുറഞ്ഞ അളവിൽ മാത്രം നിർമ്മിച്ചു നൽകുന്നതിനാലും വീട്ടമ്മമാർ ശ്രദ്ധയോടെ നിർമ്മിക്കുന്നതിനാലും ഗുണനിലവാരത്തിൽ സംശയമുണ്ടാകാനുള്ള സാദ്ധ്യത കുറവാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ കൃത്യമായ രജിസ്ട്രേഷനില്ലാതെയും വൃത്തിഹീനമായി അന്തരീക്ഷത്തിലും നിർമ്മിക്കുന്നതാണെങ്കിൽ വീട്ടമ്മമാർക്കെതിരെയും നടപടിയുണ്ടാകും.