കൊച്ചി: ദേശീയ പൗരത്വ ഭേദഗതി, എൻ.ആർ.സി എന്നിവയിൽ പ്രതിഷേധിച്ച് സുഡാനി ഫ്രം നൈജീരിയ സിനിമയുടെ സംവിധായകൻ സക്കറിയ മുഹമ്മദും തിരക്കഥാകൃത്ത് മുഹ്സിൻ പരാരിയും ദേശീയ ചലച്ചിത്ര അവാർഡ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കും. ഫേസ്ബുക്ക് പോസ്റ്റിലൂടെ സംവിധായകൻ സക്കറിയ മുഹമ്മദാണ് ഇക്കാര്യം അറിയിച്ചത്.
നിയമത്തിനെതിരെയുള്ള ഞങ്ങളുടെ പ്രതിഷേധമാണ് ഇതെന്നും, പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാൻ കഴിയുന്നവർ നിലപാട് പ്രഖ്യാപിക്കണമെന്നും മുഹ്സിൻ പരാരി പറഞ്ഞു. ഈ മാസം 23 നാണ് ചടങ്ങ്. 2018ലെ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ.