കോലഞ്ചേരി: കൊച്ചി നഗരത്തിൽ വിതരണം ചെയ്യാൻ പാറമടകളിൽ നിന്ന് വെള്ളമെടുക്കുന്നതായി ആരോപണത്തെ തുടർന്ന് വിവിധ കേന്ദ്രങ്ങളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് മുഴുവൻ കുടിവെള്ള വിതരണ കേന്ദ്രങ്ങളിൽ നിന്നും സാമ്പിൾ ശേഖരിച്ച് സർക്കാർ ലാബിലേയ്ക്ക് അയക്കാനും ഫലം വിലയിരുത്തിയ ശേഷം അർഹമായവയ്ക്കു മാത്രം തുടർന്നു പ്രവർത്തിക്കാൻ അനുമതി നൽകാനും നിയമസഭാ സബ്ജക്ട് കമ്മിറ്റി നിർദേശിച്ച പ്രകാരമായിരുന്നു പരിശോധന.
തിരുവാണിയൂർ, പൂത്തൃക്ക പഞ്ചായത്തുകളിൽ മറ്റക്കുഴി, ശാസ്താമുഗൾ, കോക്കാപ്പിളളി, വണ്ടിപ്പേട്ട, ചൂണ്ടി എന്നിവിടങ്ങളിലെ 8 കേന്ദ്രങ്ങളിൽ പരിശോധന നടത്തി.
16 കുടിവെള്ള സാമ്പിളുകൾ ശേഖരിച്ച് ലാബിലേക്കയച്ചു.
മൂടിയില്ലാത്ത വാഹനത്തിലെ ജാർ കുപ്പിവെള്ള വിതരണത്തിന് വിലക്ക്.
കാലഹരണപ്പെട്ട ജല പരിശോധനാ സംവിധാനങ്ങൾ ഉപയോഗിച്ചും മതിയായ ശുചീകരണം നടത്താതെയും പ്രവർത്തിച്ച രണ്ട് കേന്ദ്രങ്ങൾക്ക് താല്ക്കാലിക വിലക്കുമേർപ്പെടുത്തി. സാമ്പിൾ പരിശോധനാഫലം വന്ന ശേഷം മാത്രമേ ഇവയ്ക്ക് തുടർന്ന് പ്രവർത്തനാനുമതി നൽകൂ.
ശാസ്താംമുഗളിലെ പാറമടയിലെ വെള്ളം ഉപയോഗിച്ചിരുന്ന 6 ജലവിതരണ കേന്ദ്രങ്ങളുടെ പ്രവർത്തനം ജില്ലാ ഭരണകൂടം നേരത്തെ തന്നെ തടഞ്ഞിട്ടുണ്ട്.
സുരക്ഷിത മാനദണ്ഡങ്ങൾ അവഗണിച്ച് പൊടിപടലങ്ങളും വെയിലും ഏൽക്കുന്ന തരത്തിൽ കുപ്പിവെള്ളവും ജാർ വെള്ളവും മൂടിയില്ലാത്ത വാഹനത്തിൽ കടകളിലും സ്ഥാപനങ്ങളിലും വിതരണം നടത്തിവന്ന രീതിയും ഉദ്യോഗസ്ഥർ വിലക്കി.
തിരുവാണിയൂർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.കെ. സജിയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ.എൻ.വിനയകുമാർ, ടി.എസ്.അജനീഷ്, എസ്.നവാസ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.