കൊച്ചി: കേരളത്തിലെ ആരോഗ്യ പ്രവർത്തനങ്ങൾ ലോകത്തിനു മാതൃകയാണെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. 'ആർദ്രം' ജനകീയ ക്യാമ്പെയ്ൻ ജില്ലാതല ഉദ്ഘാടനം എറണാകുളം ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യപരിപാലന രംഗത്ത് പ്രായോഗിക പ്രവർത്തനങ്ങളുടെ നടത്തിപ്പിലാണ് കേരളം. വിദേശത്ത് ആരോഗ്യരംഗത്തെ യോഗങ്ങളും മറ്റും നടക്കുമ്പോൾ അവർക്ക് അറിയേണ്ടത് കേരളത്തിൽ ഓരോ മേഖലയിലും എന്താണ് ചെയ്യുന്നതെന്നാണ്. 'ആർദ്രം' പോലെയുള്ള ജനകീയ കൂട്ടായ്മകൾ ലോകത്തിനു തന്നെ മാതൃകയാണ്. ജീവിതശൈലീ രോഗങ്ങളെയും പകർച്ചവ്യാധികളെയും നമുക്ക് ചെറുത്ത് തോൽപ്പിക്കണമെന്നും അവർ പറഞ്ഞു.
മാനസികാരോഗ്യം പരിപാടിയുടെ ജില്ലാ നോഡൽ ഓഫീസർ ഡോ.അനൂപ് ജി. തയാറാക്കിയ 'മനോരോഗങ്ങളും ചികിത്സാമാർഗ്ഗങ്ങളും', ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ജില്ലയിലെ ആരോഗ്യ പ്രവർത്തകർ തയ്യാറാക്കിയ 'സമഗ്ര ക്യാൻസർ നിയന്ത്രണ പരിപാടി' എന്നീ കൈപ്പുസ്തകങ്ങൾ മന്ത്രി പ്രകാശനം ചെയ്തു. 'ദൗത്യം 2020' പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്ന കേരള ഗവ.മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷന് മന്ത്രി മൊമെന്റോ നൽകി. കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിനും എറണാകുളം ജനറൽ ആശുപത്രി റാപ്പിഡ് റെസ്‌പോൺസ് ടീമിനും സ്‌പൈൻ ബോർഡും ലൈഫ് ജാക്കറ്റും നൽകി. പരിപാടിക്ക് മുന്നോടിയായി ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്നാരംഭിച്ച വ്യായാമ ബോധവത്കരണ സൈക്കിൾ റാലി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.കെ കുട്ടപ്പൻ ഫ്ലാഗ് ഓഫ് ചെയ്തു. ഹൈബി ഈഡൻ എം.പി അധ്യക്ഷത വഹിച്ചു. ജോൺ ഫെർണാണ്ടസ് എം.എൽ.എ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.കെ. കുട്ടപ്പൻ, അഡീഷണൽ ഡി.എം.ഒ മാരായ ഡോ.എസ്.ശ്രീദേവി, ഡോ ആർ.വിവേക് കുമാർ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നമ്പേലി തുടങ്ങിയവർ പങ്കെടുത്തു.