കോലഞ്ചേരി: എസ്.എൻ.ഡി.പി യോഗത്തെ ശിഥിലമാക്കാൻ ബാഹ്യശക്തികൾക്കൊപ്പം പട നയിക്കുന്നവർ സംരക്ഷകരോ,സംഹാരകരോ എന്ന് തിരിച്ചറിയേണ്ട കാലം സംജാതമായെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ഐരാപുരം ശാഖയുടെ ശ്രീനാരായണ പ്രാർത്ഥനാഹാളിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഘടന, പ്രാദേശിക വാദങ്ങളും, ഗ്രൂപ്പിസവും സംഘടനയുടെ വളർച്ചയ്ക്കല്ല, തളർച്ചയ്ക്കാണ് വഴിയൊരുക്കുന്നത്. സാമുദായിക ശക്തി സമാഹരണത്തിലൂടെ മാത്രമേ സാമൂഹ്യ നീതി നേടാൻ കഴിയൂ. അതിന് സമുദായം ഒറ്റക്കെട്ടായി നില്ക്കണം. മറ്റുള്ളവരുടെ അവകാശങ്ങൾക്കു മേൽ കടന്നുകയറുകയോ പിടിച്ചുവാങ്ങുകയോ ചെയ്യുന്നത് യോഗത്തിന്റെ ലക്ഷ്യമല്ല. സംഘടിച്ച് ശക്തരായി ഭരണാധികാരികൾക്കു മുന്നിൽ അവകാശങ്ങൾക്ക് വേണ്ടി വാദിക്കുമ്പോൾ ഈഴവർ പറയുന്നത് ജാതിയും മറ്റുള്ളവർ പറയുന്നത് നീതിയുമായി വ്യാഖ്യാനിക്കപ്പെടുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ കർണൻ അദ്ധ്യക്ഷനായി. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ സജിത് നാരായണൻ തുടങ്ങിയവർ സംസാരിച്ചു