പറവൂർ : ഉത്സവത്തിനിടെ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ദേവസ്വം ആനപ്പാപ്പന്റെ കുടുംബത്തിന് ഒന്നര വർഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിച്ചില്ല. ദേവസ്വം വകുപ്പ് മന്ത്രിയും ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും ഇടപെട്ടിട്ടും തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർക്ക് അനക്കമില്ല.
2018 ഏപ്രിൽ നാലിനാണ് രണ്ടാം പാപ്പാൻ പറവൂർ വാണിയക്കാട് മണ്ടാംപറമ്പ് വീട്ടിൽ റെന്നി ദേവസ്വം വക എളവൂർ കണ്ണൻ എന്ന ആനയുടെ ആക്രമണത്തിൽ മരണപ്പെട്ടത്. റെന്നിയുടെ കുടുംബത്തിന് നഷ്ടപരിഹാരം കിട്ടാൻ വൈകിയതോടെ കേരള സ്റ്റേറ്റ് ദേവസ്വം പെൻഷനേഴ്സ് കോൺഫെഡറേഷൻ പറവൂർ ഗ്രൂപ്പ് കമ്മിറ്റി ദേവസ്വം വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. ദേവസ്വം മന്ത്രിയുടെ ഓഫീസിൽ നിന്നും ഇത് നടപടി ആവശ്യപ്പെട്ട് ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിന് കൈമാറി.
നാട്ടാനയുടെ ആക്രമണം മൂലം ജീവഹാനി സംഭവിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നത് ആന ഉടമസ്ഥനാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് കൺസർവേറ്റർ ദേവസ്വം ബോർഡ് കമ്മീഷണർക്ക് കത്തെഴുതി. കഴിഞ്ഞ മെയ് 3 ന് അയച്ച കത്ത് ഇതവരെ ദേവസ്വം ബോർഡ് പരിഗണിച്ചിട്ടു പോലുമില്ല. റെന്നിയുടെ ഭാര്യ ശരണ്യയുടെ ആശ്രിത സ്ഥിര നിയമനവും വൈകിപ്പിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. സ്ഥിര നിയമന ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും നിയമനം വൈകുകയാണ്.
ഭാര്യ ശരണ്യയും രണ്ട് ചെറിയ കുട്ടികളും ഉൾപ്പെടുന്നതാണ് മരിച്ച റെന്നിയുടെ കുടുംബം. മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ നേരിൽ കണ്ട് ബോധ്യപ്പെട്ടിട്ടുള്ളതുമാണ്.
ഗതികെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്
നിർദ്ദന കുടുംബം.