ആലുവ: ഭരണഘടന അനുസരിച്ച് കേന്ദ്രനിയമം പാലിക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണെന്നും , പൗരത്വ ബില്ലിനെതിരായ പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.പാർലമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി ബിൽ കേരളത്തിൽ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് ആലുവ പാലസിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങർക്ക് രാഷ്ട്രീയ തിരുമാനങ്ങളിലൂടെ എന്ത് പ്രശ്‌നമുണ്ടായാലും സംരക്ഷകരായി കോടതിയുണ്ട്. ബിൽ ഏതെങ്കിലുമൊരു സമുദായത്തെ ലക്ഷ്യം വച്ചതാണെന്ന ആശങ്ക ആർക്കും വേണ്ട.മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കേണ്ടത് രാഷ്ട്രീയക്കാരാണ്. സംസ്ഥാനവും കേന്ദ്രവും ഇടപെടേണ്ട വിഷയങ്ങൾ ഏതൊക്കെയെന്ന് ഇന്ത്യൻ ഭരണഘടന കൃത്യമായി പറയുന്നുണ്ട്. കേന്ദ്രമായാലും സംസ്ഥാനമായാലും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ തനിക്ക് വിശ്വാസമുണ്ട്. സാഹചര്യത്തിനനുസരിച്ച് അവർ ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവഹിക്കും.
1947ന്റെ അനന്തരഫലങ്ങൾ ഇപ്പോഴുമുണ്ട്. അയൽ രാജ്യങ്ങളിലുള്ളവർക്ക് അവരുടെ രാജ്യം വിട്ടുപോരേണ്ട സാഹചര്യം സൃഷ്ടിക്കപ്പെട്ടത് അവരുടെ മതപരമായ വിശ്വാസം കൊണ്ടാണ്. എന്നാൽ അവർക്ക് നിയമപരമായ ഒരു സാധുതയും ഇവിടെ കിട്ടുന്നുമില്ല. അതാണ് ഈ ബില്ലിലൂടെ സാധ്യമാക്കിയത്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമെല്ലാം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഇന്ത്യൻ പൗരനും ഒരു ദോഷവും ഉണ്ടാകില്ല. എന്തെങ്കിലും തെറ്റായി സംഭവിച്ചാലും അത് പരിഹരിക്കാനുള്ള കഴിവ് നമ്മുടെ നിയമ വ്യവസ്ഥയ്ക്കുണ്ട്- ഗവർണർ പറഞ്ഞു.