കൊച്ചി: മഞ്ഞുകാലത്തും വിട്ടുമാറാത്ത മഴ ആരോഗ്യവകുപ്പിന് തലവേദനയാകുന്നു. ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി കൂട്ടുമെന്ന പേടിയിലാണ് ആരോഗ്യവകുപ്പ്. ജില്ലയിൽ കൊച്ചി നഗരസഭയിലാണ് ഏറ്റവും കൂടുതൽ ഡെങ്കികേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസവും അതിശക്തമായ മഴ പെയ്തതിനാൽ പനി പടർത്തുന്ന ഈഡിസ് കൊതുകുകളുടെ പ്രജനനം കൂടുമെന്നും അടുത്ത ദിവസങ്ങളിൽ പനി ബാധിതർ കൂടാൻ സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. കെട്ടിടനിർമ്മാണ സൈറ്റുകളിലും പാഴ്‌വസ്തുക്കൾ ശേഖരിക്കുന്ന സ്ഥലങ്ങളിലും കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്നും അവർ പറയുന്നു.
ഈ മേയ് മുതൽ ഡിസംബർ വരെ ഡെങ്കി രോഗികളിൽ നിന്ന് ജില്ലയ്ക്ക് മോചനമുണ്ടായിട്ടില്ല. മേയ് മുതൽ മഴ നിന്നിട്ടില്ല എന്നതാണ് ഒരു കാരണം. ഡെങ്കിപ്പനിയെ കുറിച്ച് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ആളുകൾ കൃത്യമായ മുൻകരുതൽ എടുക്കാത്തതാണ് രോഗത്തെ തുരത്തുന്നതിന് വിലങ്ങുതടിയാകുന്നത്. ഒരിക്കൽ ഡെങ്കി ബാധിച്ച ഇടങ്ങളിൽ വീണ്ടും രോഗം പടരുന്നത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും വിദഗ്ദ്ധർ പറയുന്നു.
പ്രമേഹം പോലുള്ള രോഗങ്ങളുള്ളവർക്ക് ഡെങ്കി ബാധിച്ചാലും എളുപ്പം നിയന്ത്രണ വിധേയമാക്കാൻ കഴിയില്ല. ആരോഗ്യവകുപ്പിനൊപ്പം മറ്റു ഭരണസംവിധാനങ്ങളും ജനവും ഒന്നിച്ചു നിന്നാൽ മാത്രമേ രോഗത്തെ തുരത്താനാകൂ.
ശ്രദ്ധിക്കാൻ
വീടിന് ചുറ്റും കൊതുക് മുട്ടയിട്ട് വളരാനുള്ള സാഹചര്യം ഇല്ലാതാക്കുക
വീടിനകത്തെ ചെടിച്ചട്ടികളിലും മറ്റും വെള്ളം കെട്ടി നിർത്താതിരിക്കുക
എ.സി കൂളർ, ഫ്രിഡ്ജ് ട്രേ എന്നിവിടങ്ങൾ വൃത്തിയാക്കുക
യാത്രകഴിഞ്ഞ് പനി ബാധിച്ചാൽ വിദഗ്ദ്ധ പരിശോധന നടത്തുക
'നിലവിൽ റസിഡന്റ്സ് അസോസിയേഷനുകളുമായി സഹകരിച്ചുള്ള കൊതുക് നശീകരണ യജ്ഞമാണ് നടത്തി വരുന്നത്. പൊതുജനം സ്ഥിതി മനസ്സിലാക്കി ഓരോ വീട്ടിലെയും അവസ്ഥ ശ്രദ്ധിച്ചാൽ മാത്രമേ ഡെങ്കിയെ നിയന്ത്രണവിധേയമാക്കാനാവൂ.'
വിനു.കെ.പി
എപ്പിഡമോളജിസ്റ്റ്
ജില്ലാ മെഡിക്കൽ ഓഫീസ്