കൊച്ചി: നാടക കലാകാരന്മാരെ ഒരുകുടക്കീഴിൽ കൊണ്ടുവരുമെന്ന പ്രഖ്യാപനവുമായി നാടകപ്രവർത്തകരുടെ സംഘടന 'നാടക്' പ്രഥമ സംസ്ഥാന സമ്മേളനം ഞായറാഴ്ച സമാപിച്ചു. നാടക പ്രവർത്തകരുടെ അവകാശങ്ങൾക്കും നീതി നിഷേധങ്ങൾക്കും അറുതി വരുത്തി, നാടകമെന്ന കലയെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുമെന്ന തീരുമാനമെടുത്താണ് മൂന്ന് ദിവസം നീണ്ട സമ്മേളേനം അവസാനിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച പ്രതിനിധി സമ്മേളനം ഞായാറാഴ്ച ഉച്ചയോടെ സമാപിച്ചു.
'അരങ്ങിൽ നിന്ന് ഉയരുന്നിതാ പ്രതിരോധത്തിൻ തീപന്തങ്ങൾ' എന്ന മുദ്രാവാക്യത്തോടെ അണിനിരന്ന തിയേറ്റർ മാർച്ച് കാഴ്ചക്കാർക്കും പങ്കെടുത്തവർക്കും പുതിയ അനുഭവമായിരുന്നു. വൈകിട്ട് ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് മഹാരാജാസ് കോളേജിൽ സമാപിച്ചു. ക്ലാസിക് നാടകങ്ങളുടെ കഥാപാത്രങ്ങളെ അനുസ്മരിയ്ക്കും വിധം വേഷം ധരിച്ചെത്തിയ നാടക പ്രവർത്തകർ അണിനിരന്നു.
മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന സമാപന സമ്മേളനം പ്രശസ്ത നാടക സംവിധായകൻ രത്തൻ തിയം ഉദ്ഘാടനം ചെയ്തു. നാടക് സംസ്ഥാന പ്രസിഡന്റ് രാജ്‌മോഹൻ നീലേശ്വരം അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ജെ.ശൈലജ, സംസ്ഥാന ട്രഷറർ സി.കെ ഹരിദാസ്, കേന്ദ്ര സംഗീത നാടക അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ സുമൻ കുമാർ, സംസ്ഥാന സെക്രട്ടറിമാരായ വിനോദ് ഗാന്ധി, ടൈറ്റസ്.എസ്.കുമാർ, സാബു.കെ.മാധവൻ, വൈസ് പ്രസിഡന്റ് സജി തുളസിദാസ്, മുൻ പ്രസിഡന്റ് ഡി. രഘൂത്തമൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്റെ സമാപനത്തിന്റെ ഭാഗമായി രത്തൻ തിയ്യാം സംവിധാനം ചെയ്ത സോംഗ് ഒഫ് ദി നിംഫ്‌സ് ഫൈൻ ആർട്‌സ് ഹാളിൽ അരങ്ങേറി.