തൃപ്പൂണിത്തുറ: ഇരുമ്പനം സീപോർട്ട്- എയർപോർട്ട് റോഡിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് കാർയാത്രക്കാരായ വൃദ്ധമാതാവും മരുമകളും മരിച്ചു. ഫെഡറൽ ബാങ്ക് എറണാകുളം മറൈൻഡ്രൈവ് ബ്രാഞ്ച് മാനേജർ തൊടുപുഴ എടവെട്ടി അറക്കൽ അസീസിന്റെ ഭാര്യ ഷൈല (48), അസീസിന്റെ മാതാവ് ബിൽകിസ് (70) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന അസീസിനെ(53) പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 1.30ന് സീപോർട്ട്-എയർപോർട്ട് റോഡിൽ ഇരുമ്പനം ഇന്ത്യൻ ഓയിൽ കോർപറേഷൻ പ്ലാന്റിന് സമീപത്തായിരുന്നു അപകടം. തൊടുപുഴയിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന സ്വിഫ്റ്റ് കാർ അതേ ദിശയിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയിൽ നിന്ന് ഇന്ധനവുമായി കൊല്ലത്തേക്ക് പോയ ടാങ്കർ ലോറിയുടെ മുൻവശത്തേക്കു തെന്നിമാറി ഇടിക്കുകയായിരുന്നു.
മൂവരെയും ഉടനെ ആംബുലൻസിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷൈലയും ബിൽകിസും മരിച്ചിരുന്നു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.
ഏറെക്കാലം ഫെഡറൽ ബാങ്ക് തൊടുപുഴ ബ്രാഞ്ച് മാനേജരായിരുന്ന അസീസ് അടുത്തിടെയാണ് എറണാകുളത്തേക്ക് സ്ഥലംമാറിയത്. പാലാരിവട്ടത്തെ വാടക വീട്ടിലേക്ക് സാധനങ്ങളുമായി വരുമ്പോഴായിരുന്നു അപകടം. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. നാട്ടുകാരും മറ്റു വാഹനയാത്രക്കാരും ഏറെ പണിപ്പെട്ടാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.
പുത്തനറയിൽ പരേതനായ മുഹമ്മദിന്റെ ഭാര്യയാണ് ബിൽകിസ്. അസീസിനെ കൂടാതെ കാസിം കുഞ്ഞ്, ലൈല (റെയ്ഡ്‌കോ തൊടുപുഴ) എന്നീ മക്കളുമുണ്ട്. മരുമക്കൾ: താഹിറ, അപകടത്തിൽ മരിച്ച ഷൈല, മൂസ മുണ്ടക്കൽ.
അസീസിന്റെയും ഷൈലയുടെയും മക്കൾ: സഫ്‌ന (ഫെഡറൽ ബാങ്ക് അഞ്ചൽ), ആഷിക്ക് (നെതർലൻഡ്). മരുമകൻ: അംജത്.
സീറ്റ്ബെൽറ്റ് ധരിക്കാത്തത് പ്രശ്നമായി
വീട്ടമ്മയുടെയും ഭർതൃമാതാവിന്റെയും മരണത്തിനിടയാക്കിയത് സീറ്റ്ബെൽറ്റ് ധരിക്കാതിരുന്നതെന്നാണ് നിഗമനം.
കാറോടിച്ചിരുന്ന അസീസ് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ എയർബാഗ് പ്രവർത്തിച്ചത് രക്ഷയായി. ഷൈലയും പിറകിലിരുന്ന ബിൽകിസും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല, അതിനാൽ എയർബാഗ് പ്രവർത്തിച്ചില്ല. ബിൽകിസിന് കാറിന്റെ മുൻവശത്തേക്ക് വന്നിടിച്ചാണ് പരിക്കേറ്റത്. കാറോടിച്ചിരുന്ന അസീസ് ഉറങ്ങിപ്പോയതാകാം ഒരേ ദിശയിൽ സഞ്ചരിച്ച ടാങ്കർ ലോറിയുടെ വശത്തേക്ക് കാർ ചെന്നിടിക്കാൻ കാരണമെന്ന് പൊലീസ് പറയുന്നു.