കൊച്ചി: ജീവിത സാഹചര്യങ്ങളോടു പൊരുതി നീന ഒടുവിൽ വക്കീലായി. തുല്യതാ പരീക്ഷയിലൂടെ ആദ്യം എസ്.എസ്.എൽ.സിയും പിന്നീട് ഓപ്പൺ സ്കൂളിലൂടെ പ്ലസ്ടുവും ഒമ്പതു വർഷത്തിനിപ്പുറം വക്കീൽ പരീക്ഷയും പൂർത്തിയാക്കി ഇന്നലെ ഹൈക്കോടതിയിൽ എൻറോൾ ചെയ്യുമ്പോൾ നീന പറഞ്ഞത് ഇത്ര മാത്രം 'ദൈവത്തിന്റെ കൃപ...ഒരുപാട് സന്തോഷം'.
നീനയുടെ കടപ്പാട് അമ്മയോടും മകൾ ആതിരയോടും സഹപാഠികളോടുമാണ്. മരക്കടയിലും റിസപ്ഷനിസ്റ്റായും ജോലി ചെയ്താണ് നീന ജീവിതം കരുപ്പിടിപ്പിച്ചത്. സഹോദരന്റെ ഭാര്യ വക്കീൽ ഓഫീസിലെ ടൈപ്പിസ്റ്റ് ജോലിക്ക് അപേക്ഷിക്കാൻ പറഞ്ഞതോടെയാണ് ഇവരുടെ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിച്ചത്. അവിടെ ജോലി ലഭിച്ചതോടെ വക്കീൽ ആകണമെന്ന് ആഗ്രഹമായി.
പ്രവേശനപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെ പഞ്ചവത്സര എൽ.എൽ.ബിക്ക് 22 വയസ് പ്രായപരിധി വന്നു. അതിനെതിരെ കേസ് കൊടുത്ത് അനുകൂല വിധി നേടിയായിരുന്നു പഠനം. 155ാം റാങ്കോടെ 2013ൽ ആണ് എറണാകുളം ലോ കോളജിൽ ഈ 42കാരി പ്രവേശനം നേടിയത്.
ഇംഗ്ലീഷ് എന്ന കീറാമുട്ടി സഹപാഠികളുടെ സഹായത്തോടെ നീന പഠിച്ചെടുത്തു. സാക്ഷരതാ പ്രേരക് എൻ.പി. റാണിയാണ് സാക്ഷരതാ മിഷന്റെ പത്താം ക്ലാസ് തുല്യതാ കോഴ്സിൽ ചേർത്തത്. ജോലിക്കൊപ്പം ഞായറാഴ്ചകളിൽ ക്ലാസിനു പോയി 2010ൽ 405 മാർക്ക് നേടി നീന തിളക്കമുള്ള ജയം സ്വന്തമാക്കി. തുടർന്ന് ഓപ്പൺ സ്കൂളിൽ പ്ലസ്ടുവും പാസായശേഷം എൽ.എൽ.ബിക്ക്. അഭിഭാഷകവൃത്തി സമൂഹത്തിന് പ്രയോജന പ്രദമായി ഉപയോഗിക്കണമെന്നാണ് നീനയുടെ ആഗ്രഹം.