കൊച്ചി: സോറിയാസിസ് ബാധിച്ച രോഗികൾക്ക് പ്രാരംഭ ലക്ഷണങ്ങൾ കാണാനാകാത്ത മറ്റ് പല രോഗാവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യതയേറെയാണെന്ന് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ഡെർമറ്റോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.സൗമ്യ പറഞ്ഞു. അതുകൊണ്ട് സോറിയാസിസുമായി ബന്ധപ്പെട്ട കോമോർബിഡ് അവസ്ഥകളെക്കുറിച്ച് അവബോധം വളർത്തേണ്ടതുണ്ട്. അതിലൂടെ രോഗികൾക്ക് മറ്റ് രോഗങ്ങൾകൊണ്ടുള്ള അപകടസാധ്യത കുറയ്ക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാനാകുമെന്നും അവർ പറഞ്ഞു. സോറിയാസിസിന്റെ വിവിധ പ്രശ്‌നങ്ങളെ പറ്റി സംസാരിക്കുകയായിരുന്നു ഡോ.സൗമ്യ ജഗദീശൻ

ഇന്ത്യയിൽ 250 പേരിൽ ഒരാൾക്ക് സോറിയാസിസ് എന്ന ചർമ്മരോഗം ബാധിച്ചതായാണ് കണക്ക്. സോറിയാസിസ് രോഗികളുടെ ചർമ്മത്തിൽ പലപ്പോഴും കട്ടിയുള്ളതും, ചുവപ്പ്, ചൊറിച്ചിൽ, വേദനയുള്ള പാടുകൾ എന്നിവ കാണപ്പെടുന്നു. ശരീരത്തിന്റെ ഏത് ഭാഗത്തും ഇത് കാണപ്പെടാം. കാൽമുട്ട്, കൈമുട്ട്, തലയോട്ടി, തുടങ്ങിയ ഭാഗങ്ങളിലാണ് കൂടുതലായി സോറിയാസിസ് ലക്ഷണങ്ങൾ കാണപ്പെടുന്നത്. ഹൃദ്രോഗം, സോറിയാറ്റിക് ആർത്രൈറ്റിസ്, നേത്രരോഗങ്ങൾ, വൈകാരിക പ്രശ്‌നങ്ങൾ, സ്വയം രോഗപ്രതിരോധ അവസ്ഥ എന്നിവ സോറിയാസിസ് മൂലം ഉണ്ടാകാം. സോറിയാസിസ് ഉള്ള എല്ലാവരിലും ഈ പറഞ്ഞ രോഗങ്ങൾ ഉണ്ടാകണമെന്നില്ല. രോഗികൾ ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും പതിവായി വ്യായാമം ചെയ്യുകയും ചർമ്മത്തെ മോയ്‌സ്ചറൈസ് ചെയ്യുകയും വേണം. പുതിയ ലക്ഷണങ്ങളോ മാറ്റങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ രോഗികൾ ഡോക്ടറെ അറിയിക്കണമെന്നും ഡോ.സൗമ്യ പറഞ്ഞു.