highcourt
highcourt

കൊച്ചി : മദ്യപിച്ചു വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങൾ അന്വേഷിക്കാൻ സർക്കാർ എന്തുകൊണ്ടാണ് പ്രോട്ടോക്കോൾ (പ്രത്യേക നടപടിക്രമങ്ങൾ) ഉണ്ടാക്കാത്തതെന്ന് ഹൈക്കോടതി ചോദിച്ചു. വർഷം തോറും 4000 പേർ വാഹനാപകടങ്ങളിൽ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായിട്ടും ഫലപ്രദമായ അന്വേഷണത്തിന് പ്രോട്ടോക്കോൾ തയ്യാറാക്കാത്തതിന് ന്യായീകരണമില്ലെന്നും സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ സ്റ്റേറ്റ്മെന്റ് നൽകാൻ ഡി.ജി.പിക്ക് നിർദ്ദേശം നൽകി.

ഒക്ടോബർ 26 ന് അടൂരിൽ സ്വകാര്യ ബസിടിച്ചു യുവ ദമ്പതികൾ മരിച്ച കേസിൽ പ്രതിയായ സ്വകാര്യ ബസ് ഡ്രൈവർ മാവേലിക്കര കൊല്ലകടവ് കൃഷ്ണ സദനത്തിൽ ഉല്ലാസ് (48) നൽകിയ ജാമ്യാപേക്ഷയിലാണ് സിംഗിൾ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. മദ്യലഹരിയിലായിരുന്ന ഉല്ലാസിനെ സംഭവം നടന്നയുടൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ രക്തപരി​ശോധനാ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

പ്രതി മദ്യപിച്ചിരുന്നില്ലെന്ന് പ്രതിഭാഗം വാദിച്ചു. പൊലീസ് ബ്രെത്ത് അനലൈസർ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നില്ലെന്ന് സിംഗിൾ ബെഞ്ച് വിലയിരുത്തി. പൊലീസിന്റെ വീഴ്ച മണ്ടത്തരമാണെന്നും കുറ്റപ്പെടുത്തി. ജാമ്യ ഹർജി ഡിസംബർ 17 ന് വീണ്ടും പരിഗണിക്കും.