കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജിന് ആറാം പിറന്നാൾ. സഹകരണ മേഖലയിൽ നിന്ന് സർക്കാർ ഏറ്റെടുത്ത് മെഡിക്കൽ കോളേജാക്കി മാറ്റിയിട്ട് അഞ്ച് വർഷം പിന്നിട്ടു.
ഈ കാലയളവിൽ 300 ൽ നിന്ന് 2000 ഒ.പി രോഗികളിലേക്കുള്ള വളർച്ചയാണ് മെഡിക്കൽ കോളേജ് എത്രത്തോളം എറണാകുളത്തിന് ആവശ്യമായിരുന്നു എന്നതിന്റെ തെളിവ്. അടുത്ത വർഷത്തോടെ സൂപ്പർ സെപ്ഷ്യാലിറ്റി ആശുപത്രിയാകുമെന്ന സർക്കാരിന്റെ ഉറപ്പ് പ്രതീക്ഷ വർദ്ധിപ്പിക്കുകയാണ്.
സഹകരണ അക്കാഡമിക്ക് കീഴിലെ ആശുപത്രി 2013ലാണ് അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ ഏറ്റെടുത്തത്. അന്തരിച്ച ജസ്റ്റിസ് കൃഷ്ണയ്യർ ആയിരുന്നു അത്തരമൊരു നീക്കത്തിന് സർക്കാരിനെ പ്രേരിപ്പിച്ചത്.
ഇനിയുമുണ്ട് നേടാൻ
സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റിയാണ് ഇനി എറണാകുളം മെഡിക്കൽ കോളേജിൽ രോഗികൾ കാത്തിരിക്കുന്നത്. ന്യൂറോ, യൂറോ, ഗ്യാസ്ട്രോ എൻട്രോളജി, പ്ളാസ്റ്റിക് സർജറി എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ സർജിക്കൽ സ്പെഷ്യാലിറ്റികൾ ഉടനടി ആരംഭിക്കേണ്ടതുണ്ട്.
ആവശ്യത്തിന് പി.ജി കോഴ്സുകളും അദ്ധ്യാപകരുമില്ലാത്തതിനാൽ മെഡിക്കൽ കോളേജിൽ പി.ജി വിദ്യാർത്ഥികളുടെ സേവനം ആവശ്യമുള്ളത്ര ലഭിക്കുന്നില്ലെന്നതാണ് സത്യം. ജീവനക്കാരുടെ കുറവും പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.
മെഡിക്കൽ കോളേജിലേക്കുള്ള യാത്രാദുരിതം പരിഹരിക്കാൻ ഇതുവരെ നടപടിയൊന്നുമായിട്ടില്ല. സ്വകാര്യ ആശുപത്രികളിലേക്ക് പ്രൈവറ്റ്, കെ.എസ്.ആർ.ടി.സി ബസുകൾ സർവീസുകൾ നടത്തുമ്പോഴാണ് എറണാകുളം മെഡിക്കൽ കോളേജ് തഴയപ്പെടുന്നത്.
ഐ.സി.യുവും മോർച്ചറിയും
പുതിയ സൗകര്യങ്ങളോടെ പുതുക്കിപ്പണിത ഐ.സി.യുവും മോർച്ചറിയും അടുത്ത മാസത്തോടെ മെഡിക്കൽ കോളേജിൽ പ്രവർത്തനമാരംഭിക്കും. സർക്കാർ അനുവദിച്ച ഒരു കോടി ഫണ്ട് മുടക്കിയാണ് ഐ.സി.യു പുതുക്കിയത്. ജോർജ്ജ് ഫെർണാണ്ടസ് എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 80 ലക്ഷം മുടക്കി മോർച്ചറിയും നന്നാക്കി.
നേട്ടങ്ങളിൽ ചിലത്
ഇമേജിംഗ് സെന്റർ
കാത്ത് ലാബ്
ആധുനിക സി.ടി സ്കാൻ
ഡയാലിസിസ് കേന്ദ്രം
ആധുനിക ഡിജിറ്റൽ എക്‌സ്രേ സംവിധാനം
വെന്റിലേറ്റർ, മോണിറ്റർ ഉൾപ്പെടെയുള്ള സംവിധാനം
24 മണിക്കൂർ ഫാർമസി പ്രവർത്തനം
2020 ഡിസംബറിൽ എറണാകുളം മെഡിക്കൽ കോളേജ് സൂപ്പർ സെപ്ഷ്യാലിറ്റി ആശുപത്രിയാക്കുമെന്നാണ് സർക്കാരിന്റെ വാഗ്ദാനം. 368 കോടി ചെലവിൽ മൂന്ന് ഭൂഗർഭ നിലകളും നാല് മുകൾ നിലകളും ഉൾപ്പെടെ എട്ട് നിലകളിലായി 83,0000 ചതുരശ്ര വിസ്തീർണ്ണത്തിലാണ് പുതിയ സൂപ്പർ സ്‌പെഷ്യാലിറ്റി സമുച്ചയം നിർമ്മിക്കുന്നത്. ഇൻകെലിനാണ് നിർമ്മാണചുമതല
സൂപ്പർ സ്പെഷ്യാലിറ്റിയിലേയ്ക്ക്
'നിലവിൽ എറണാകുളം മെഡിക്കൽ കോളേജിന്റെ പ്രവർത്തനം തൃപ്തികരമാണ്. ജീവനക്കാരുടെ കുറവ്, അധ്യാപകരില്ലാത്തത്, പി.ജി കോഴ്സുകളുടെ കുറവ് തുടങ്ങിയ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നുണ്ട്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിന്റെ നിർമ്മാണം തൃപ്തികരമായി പോവുകയാണ്.'
ഡോ. പീറ്റർ
സൂപ്രണ്ട്
മെഡിക്കൽ കോളേജ്.