കൊച്ചി : പുതുവൈപ്പിലെ പാചകവാതക (എൽ.പി.ജി) ഇറക്കുമതി ടെർമിനലിന്റെ നിർമ്മാണം രണ്ടേമുക്കാൽ വർഷത്തിനുശേഷം ഇന്നലെ പുനരാരംഭിച്ചു.

പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷന്റേതാണ് (ഐ.ഒ.സി) ടെർമി​നൽ.

പദ്ധതി പ്രദേശത്ത് ഇന്നലെ പുലർച്ചെ ജി​ല്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊലീസിന്റെ വൻ സുരക്ഷാ വലയത്തി​ലാണ് പ്രദേശം. ടെർമി​നൽ അപകടകരമാണെന്ന പ്രതിഷേധവുമായാണ് ഒരു വിഭാഗം സമരരംഗത്തുള്ളത്.

കേരളത്തിലെയും തമിഴ്‌നാട്ടിലെയും പാചകവാതകക്ഷാമം പൂർണമായി പരിഹരിക്കാൻ കഴിയുന്ന പദ്ധതിയാണ് വൈപ്പിൻ ദ്വീപിലെ പുതുവൈപ്പിൽ കൊച്ചി തുറമുഖ ട്രസ്റ്റിന്റെ പ്രത്യേക സാമ്പത്തിക മേഖലയിൽ നിർമ്മിക്കുന്ന എൽ.പി.ജി. ഇറക്കുമതി ടെർമിനൽ.

2016 ൽ നിർമ്മാണം ആരംഭിച്ചെങ്കിലും സമരം അക്രമാസക്തമായതോടെ 2017 ഫെബ്രുവരി 16 ന് നിറുത്തിവയ്ക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശിച്ചു.

ഇതിനിടെ കേന്ദ്ര ഹരിത ട്രൈബ്യൂണലും വിവിധ കോടതികളും നിർമ്മാണത്തിന് അനുമതി നൽകുകയും ചെയ്തു. നിർമ്മാണം മുടങ്ങിയതുമൂലം കോടികളുടെ നഷ്ടമുണ്ടായി​.
കരാറുകാരെയും എൻജിനിയർമാരെയും തൊഴിലാളികളെയും ഞായറാഴ്ച തന്നെ പദ്ധതി പ്രദേശത്ത് എത്തിച്ചിരുന്നു.

സമരക്കാർ പ്രതി​രോധം തീർത്താലും പണി​ മുടങ്ങി​ല്ലെന്ന് ഉറപ്പാക്കാൻ ഒന്നര മാസത്തേക്ക് വേണ്ട ഭക്ഷണവും വെള്ളവും മറ്റും ഉൾപ്പെടെ സൈറ്റി​ൽ ശേഖരി​ച്ചി​ട്ടുണ്ട്.

# സുരക്ഷ ആശങ്ക വേണ്ട: ഐ.ഒ.സി

ടെർമിനലിന്റെ സുരക്ഷയിൽ ആശങ്ക വേണ്ടെന്ന് ഐ.ഒ.സി കേരള ചീഫ് ജനറൽ മാനേജർ വി.സി. അശോകൻ പറഞ്ഞു. ആഗോളനിലവാരത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് നി​ർമ്മാണം. മൊത്തം ചെലവിന്റെ മൂന്നിലൊന്ന് സുരക്ഷാ സംവിധാനങ്ങൾക്കാണ്.

പൊതുമേഖലാ സ്ഥാപനമായ പ്രോജക്ട്സ് ആൻഡ് ഡെവലപ്മെന്റ് ഇന്ത്യ ടെർമിനൽ സുരക്ഷിതമെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതിയെ ഒരുവിധത്തിലും ഹാനികരമായി ബാധിക്കില്ല.

പദ്ധതിക്കെതിരെ ഒരുവിഭാഗം ഉയർത്തുന്ന പ്രതിഷേധത്തിൽ കഴമ്പില്ല. കോടതികളും ദേശീയ ഹരിത ട്രൈബ്യൂണലും അംഗീകാരം നൽകിയിട്ടുണ്ട്. തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾ സമരസമിതി അവസാനിപ്പിക്കണം. പൊതുമേഖലാ സ്ഥാപനമായ ഐ.ഒ.സി സുരക്ഷ ഉറപ്പാക്കാത്ത ഒരു പദ്ധതിയും നടപ്പാക്കില്ല.

പദ്ധതി പൂർത്തിയാകുന്നതോടെ മംഗലാപുരത്തു നിന്ന് പ്രതിവർഷം 7500 ട്രക്കുകളിൽ എൽ.പി.ജി എത്തിക്കുന്നത് ഒഴിവാകും. കരുനാഗപ്പള്ളിയിലും കണ്ണൂർ ചാലയിലുമുണ്ടായ തരം ടാങ്കർ ലോറി ദുരന്തങ്ങൾ ഒഴിവാകും.

# ടെർമിനൽ
കപ്പലിൽ കൊണ്ടുവരുന്ന എൽ.പി.ജി ടെർമിനലിൽ സംഭരിച്ച് പൈപ്പ്‌ലൈൻ വഴി കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലെ ഫില്ലിംഗ് സ്റ്റേഷനുകളിൽ എത്തിക്കും.

# പദ്ധതി ഇങ്ങനെ
ടെർമിനൽ നിർമാണച്ചെലവ് : 2,600 കോടി
സംഭരണശേഷി : പ്രതിവർഷം ആറു ലക്ഷം ടൺ
പൂർത്തിയാക്കാൻ ലക്ഷ്യമിട്ടത്: 2018 ഫെബ്രുവരി
പണി പൂർത്തിയായത് : ഇറക്കുമതി ജെട്ടി

# കൊച്ചി സേലം പൈപ്പ് ലൈൻ
നിർമാണച്ചെലവ്: 3,200 കോടി
ഐ.ഒ.സി ബി.പി.സി സംയുക്ത സംരംഭം
ഫില്ലിംഗ് സ്റ്റേഷനുകൾ: ഉദയംപേരൂർ, ഇരുമ്പനം, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, സേലം,