കാലടി: കാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ ശുചിത്വം 20l9-20 മാലിന്യ നിർമ്മാർജ്ജനയജ്ഞം നടപ്പാക്കും. ജനുവരി 1മുതൽ പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ വില്പനയും ഉപയോഗവും നിരോധിക്കുന്ന പശ്ചാത്തലത്തിൽ 20 മുതൽ ശുചിത്വ പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. ലോനപ്പൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിന് മുന്നോടിയായി നോട്ടീസ് വിതരണവും ബോധവത്കരണവും നടത്തി. ഓരോ വാർഡിൽ നിന്നും രണ്ട് പേരടങ്ങുന്ന മുപ്പതംഗ ഹരിതകർമ്മസേനാ സംഘമാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇവർ സാനിറ്റേഷൻ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ അനുസരിച്ച് വീടുകളിൽ നിന്നും ഖര മാലിന്യങ്ങൾ ശേഖരിക്കും. ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരിക്കണം, പ്ലാസ്റ്റിക്, ഇലക്ട്രിക്, ഇലക്ട്രോണിക് ഉൾപ്പെടെ ചില്ല് പോലുള്ള അജൈവ മാലിന്യങ്ങളെല്ലാം ക്രമാനുഗതമായി ശേഖരിക്കും.ഇതിനായ് വെവ്വേറെ ചാക്കുകൾ നമ്പറുകൾ രേഖപ്പെടുത്തി നൽകും. സ്ഥാപനങ്ങൾക്കും വീടുകൾക്കും നിർദ്ദേശങ്ങളടങ്ങുന്ന നോട്ടീസ് നൽകും.
മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന പദ്ധതി പഞ്ചായത്ത് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ നടത്തും. നിർദ്ദേശങ്ങൾ അവഗണിച്ചാൽ 10000/ 20000/ 50000 രൂപ പിഴ മുതൽ ലൈസൻസ് റദ്ദാക്കുന്ന നടപടി വരെ പഞ്ചായത്ത് കൈക്കൊള്ളും. തുണിസഞ്ചി നിർമ്മാണം പ്രോത്സാഹിപ്പിക്കും. പൊതു ആവശ്യങ്ങൾക്ക് സ്റ്റീൽ പാത്രങ്ങൾ ഉപയോഗത്തിലാക്കും. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സെബാസ്റ്റ്യൻ പോൾ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. അശോകൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സ സേവ്യർ, പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മ സേന പ്രവർത്തകർ തുടങ്ങിയവരും പങ്കെടുത്തു.