മൂവാറ്റുപുഴ: മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ജില്ലാ ക്ഷീര സംഗമം മൂവാറ്റുപുഴയിൽ 19 മുതൽ 21 വരെ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ക്ഷീര വികസന വകുപ്പിന്റെയും, ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, മിൽമ, കേരള ഫീഡ്‌സ്, വിവിധ ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ 21 വരെ കല്ലൂർക്കാടും, ടൗൺ ഹാളിലുമായിട്ടാണ് സംഗമം നടക്കുന്നത്. ജില്ലയിലെ 315 ക്ഷീരസംഘങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 3000ത്തോളം ക്ഷീര കർഷകർ പങ്കെടുക്കും. കന്നുകാലി പ്രദർശനം, ഡയറി എക്‌സിബിഷൻ, ശിൽപ്പശാല, സെമിനാർ, ക്ഷീര കർഷകരെ ആദരിക്കൽ എന്നിവ സംഗമത്തോടനുബന്ധിച്ച് നടക്കും. 18 ന് വൈകിട്ട് നാലിന് വിളംബര റാലി നടക്കും. കല്ലൂർക്കാട് ക്ഷീരസംഘത്തിൽ നിന്നാരംഭിക്കുന്ന റാലി കല്ലൂർക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജിത്ത് ബേബി ഫ്‌ളാഗ് ഓഫ് ചെയ്യും. റാലി വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ച് മൂവാറ്റുപുഴ ടൗൺ ഹാളിൽ സമാപിക്കും. 19 ന് രാവിലെ എട്ടിന് കല്ലൂർക്കാട് ക്ഷീരസംഘം പ്രസിഡന്റ് ഷാജി ജോസഫ് പതാക ഉയർത്തും. തുടർന്ന് കല്ലൂർക്കാട് ക്ഷീരസംഘത്തിന് സമീപം ജില്ലാ കന്നുകാലി പ്രദർശന മത്സരം നടക്കും. 9.30 ന് ജില്ലാ ക്ഷീര സംഗമം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. കല്ലൂർക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഷീന സണ്ണി അദ്ധ്യക്ഷത വഹിക്കും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. 20 ന് രാവിലെ 10ന് നടക്കുന്ന സഹകരണ ശിൽപശാല എസ്.ശർമ എംഎൽ.എ ഉദ്ഘാടനം ചെയ്യും. . ഡയറി എക്‌സ്‌പോയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ നിർവ്വഹിക്കും. 21 ന് ക്ഷീര വികസന സെമിനാർ നടക്കും. 11.30 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ക്ഷീരസംഗമവും, കല്ലൂർക്കാട് ക്ഷീരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനവും ക്ഷീര വികസനമൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു നിർവ്വഹിക്കും.. ജില്ലയിലെ മികച്ച ക്ഷീര കർഷകനുള്ള ആദരം ഡീൻ കുര്യാക്കോസ് എം.പി നിർവ്വഹിക്കും. . പത്രസമ്മേളനത്തിൽ എൽദോ എബ്രഹാം എം.എൽ.എ, സ്വാഗതസംഘം ചെയർമാൻ ജോൺ തെരുവത്ത്, ജനറൽ കൺവീനർ ജോസ് ജേക്കബ്, ജോയിന്റ് കൺവീനർ ഷാജി ജോസഫ്, മൂവാറ്റുപുഴ ക്ഷീരവികസന വകുപ്പ് ഓഫീസർ മെറീന പോൾ, സ്വാഗതസംഘം ഭാരവാഹികളായ സി.എ.എബ്രാഹം, എൻ.ജയചന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.