മൂവാറ്റുപുഴ: വാഴക്കുളം സ്വദേശി ജോയി കൊടക്കത്താനം കലാരംഗത്തെ സേവനത്തിനുള്ള കലാരത്ന ദേശീയ അവാർഡിന് അർഹനായി. ബഹുജൻ സാഹിത്യ അക്കാഡമി ദേശീയ തലത്തിൽ നൽകുന്നതാണ് കലാരത്ന ദേശീയ പുരസ്കാരം.ഡൽഹിയിൽ കേന്ദ്ര മന്ത്രിമാർ പങ്കെടുത്ത ചടങ്ങിൽ അക്കാഡമി ദേശീയ പ്രസിഡന്റ് നല്ലരാധാകൃഷ്ണയിൽ നിന്ന് പ്രശസ്തിപത്രവും മെമന്റോയും പതക്കവും ഉൾപ്പെടുന്ന പുരസ്കാരം ജോയി കൊടക്കത്താനം ഏറ്റുവാങ്ങി. അഭിനയ മേഖലയിൽ മൂന്നു പതിറ്റാണ്ടിലേറെ സജീവമായി രംഗത്തുള്ള ജോയി കൊടക്കത്താനത്തിനു ദേശീയ തലത്തിൽ ലഭിക്കുന്ന പ്രഥമ പുരസ്കാരമാണിത്. ദേശീയ-അന്തർ ദേശീയ തലങ്ങളിൽ അവാർഡുകൾ നേടിയ ഗൊൽഗോത്ത, കുടുംബം ഭൂമിയിലെ സ്വർഗം, മൈ ഫാദേഴ്സ് ലാസ്റ്റ് വിഷ് തുടങ്ങിയ ചിത്രങ്ങളിലെ ജോയിയുടെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഫാ.ഷാജി തുമ്പേച്ചിറയുടെ സംവിധാനത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റേജ് ഷോ 2011 ൽ എറണാകുളത്ത് നടത്തിയപ്പോൾ ഏഴു കഥാപാത്രങ്ങളെ അവതരിപ്പിച്ച് ജൂറിയുടെ പ്രത്യേക പരാമർശത്തിന് ജോയി അർഹനായി. നാടക, ടെലിഫിലിം ,ചലച്ചിത്ര മേഖലകളിലായി നൂറിലേറെ കഥാപാത്രങ്ങൾക്ക് ജോയി കൊടക്കത്താനം ഇതുവരെ ജീവൻ പകർന്നിട്ടുണ്ട്. അണിയറയിൽ ചിത്രീകരണം പുരോഗമിക്കുന്ന നിരവധി ചിത്രങ്ങൾ നിലവിൽ ഉണ്ട്. ടെലിവിഷനിൽ സംപ്രേഷണം നടക്കുന്ന ചാക്കോയും മേരിയും,കഥയറിയാതെ, എന്നീ ടെലിസീരിയലുകളിലും ശ്രദ്ധേയമായ വേഷത്തിൽ ജോയി എത്തുന്നു.നിരവധി ചിത്രങ്ങളിലെ കഥാപാത്രങ്ങൾക്ക് ജോയി കൊടക്കത്താനം ശബ്ദം പകർന്നിട്ടുണ്ട്.മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ ജില്ലാ ഭരണ സമിതിയംഗം, സിനി സീരിയൽ ആർട്ടിസ്റ്റ് വെൽഫയർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി,വാഴക്കുളം ജ്വാല സാംസ്കാരിക വേദി ഭരണ സമിതിയംഗം എന്നീ നിലകളിൽ ജോയി കൊടക്കത്താനം പ്രവർത്തിക്കുന്നു.മുവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ അദ്ധ്യാപിക കെ.എസ് ഷൈനിയാണ് ഭാര്യ.വിദ്യാർത്ഥികളായ മാത്യൂസ്, മെൽവിൻസ്, മെർലിൻസ്, മേഴ്സിൻസ് എന്നിവരാണ് മക്കൾ.