സുരക്ഷയൊരുക്കുന്നത് 2500 പൊലീസുകാർ
സ്ഥലത്ത് നിരോധനാജ്ഞ
കൊച്ചി:പുതുവൈപ്പിൽ എൽ.പി.ജി ടെർമിനൽ നിർമ്മാണം തുടങ്ങിയതോടെ സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് 2500 ലധികം പൊലീസുകാരെ വിന്യസിച്ചു. കൊച്ചി നഗരസഭ ഒന്നാം ഡിവിഷനിലും എളങ്കുന്നപ്പുഴ പഞ്ചായത്തിലെ 11 വാർഡുകളിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചു.
നിർമ്മാണപ്രവർത്തനങ്ങൾ തടയാൻ ശ്രമിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്‌ടർ എസ്. സുഹാസ് വ്യക്തമാക്കി.
ഞായറാഴ്ച രാത്രി സമരക്കാർ അറിയാതെ പൊലീസിനെ വിന്യസിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. പുലച്ചെയാണ് പൊലീസ് സാന്നിദ്ധ്യം നാട്ടുകാരറിഞ്ഞത്. സമരപന്തൽ, നിർമ്മാണം നടക്കുന്ന സ്ഥലം എന്നിവിടങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പ്രതിഷേധക്കാർക്ക് കടന്നുവരാനാവാത്ത വിധമാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്. സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയ്‌ക്കാണ് സുരക്ഷാ ചുമതല. കണ്ണൂർ തുടങ്ങിയുള്ള ജില്ലകളിലെ കെ.എ.പി ക്യാമ്പുകളിലെ പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം നടന്ന പ്രതിഷേധം അക്രമത്തിലും പൊലീസ് ലാത്തിചാർജിലും കലാശിച്ചിരുന്നു. ഇത് വൻ വിവാദങ്ങൾക്ക് ഇടയാക്കി. അതിനാൽ ശക്തമായ സുരക്ഷയാണ് പൊലീസ് ഒരുക്കിയന്നത്.
നേരത്തെ പുതുവൈപ്പ് പ്രദേശം ആലുവ റൂറൽ പൊലീസിന്റെ കീഴിലായിരുന്നു സമരങ്ങൾ ശക്തമായതോടെ സിറ്റി പൊലീസിന്റെ പരിധിയിലാക്കി. തിങ്കളാഴ‌്ച പുലർച്ചെ ഒന്നരയ്‌ക്കാണ് കളക്‌ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചത്.