കൊച്ചി: പ്ളാസ്റ്റിക്ക് നിരോധിച്ചാൽ പലചരക്കു സാധനങ്ങൾ വാങ്ങാൻ എന്തു വഴിയെന്ന് ആശങ്ക വേണ്ട. പ്ളാസ്റ്റിക്കിന് പകരക്കാരനുണ്ട്. മണ്ണിലും ജലത്തിലും അലിഞ്ഞുചേരുന്ന വിവിധ ഉല്പന്നങ്ങൾ നഗരവാസികളെ പരിചയപ്പെടുത്താൻ ഒരുങ്ങുകയാണ് ബെറ്റർ കൊച്ചി റെസ്പോൺസ് ഗ്രൂപ്പ്.

'പ്ലാസ്റ്റിക്ക് രഹിത ജീവിതം കൊച്ചിയിൽ' എന്ന ലക്ഷ്യമിട്ട് ബയോമാർട്ട് എക്കോ ഫ്രണ്ട്‌ലി ഡിസ്‌പേസിബിൾസുമായി ചേർന്ന് ബെറ്റർ കൊച്ചി പദ്ധതി നടപ്പാക്കുന്നത്.

പ്ലാസ്റ്റിക്കിനു പകരം കാലാവസ്ഥയ്ക്കിണങ്ങുന്നതും നൂറു ശതമാനവും മണ്ണിലും ജലത്തിലും അലിഞ്ഞു ചേരുന്നതുമായ ഉല്പന്നങ്ങളാണ് പരിചയപ്പെടുത്തുന്നതെന്ന് ബയോമാർട്ട് സ്ഥാപകൻ രവികൃഷ്ണൻ കെ. പറഞ്ഞു.

# മരച്ചീനിയിൽ നിന്ന് ജൈവ ബാഗ്
മരച്ചീനി, ഗോതമ്പ്, ചോളം, കരിമ്പ് എന്നിവയുടെ മാവ് (സ്റ്റാർച്ച്) ആണ് ബയോമാർട്ട് ഉല്പന്നങ്ങളുടെ പ്രധാന അസംസ്‌കൃതവസ്തു. ബയോ കസാവാ ബാഗ്, ഷുഗർ കെയിൻ കപ്പ്, ബയോ പേപ്പർ കപ്പ്, പി.എൽ.എ കപ്പ്, പി.എൽ.എ കട്ട്‌ലറി, ബയോബഗാസ് ബോക്‌സ്, ബയോ പി.എൽ.എ ബൗൾ, ബയോ പേപ്പർ സ്‌ട്രോ, ബയോ പി.എൽ.എ സ്‌ട്രോ, തുടങ്ങിയ ഒട്ടേറെ ബയോഡിഗ്രോഡബിൾ ആൻഡ് കമ്പോസ്റ്റബിൾ ഉല്പന്നങ്ങൾ പ്ളാസ്റ്റിക്കിന് പകരമാണ്.

മരച്ചീനിയുടടെ സ്റ്റാർച്ചും വെജിറ്റബിൾ ഓയിലും ചേർത്താണ് ബാഗുകൾ. നിർമ്മിക്കുന്നത്. ശർക്കരയും മൈദയും നീറ്റുകക്കയും ഉപയോഗിച്ച് ഐസ്ക്രീം കപ്പും നിർമ്മിക്കാം. പ്ളാസ്റ്റിക് കവറുകൾക്ക് പകരം ചൂടുവെള്ളത്തിൽ അലിയുന്ന ബാഗുകളും കവറുകളും ലഭ്യമാക്കും.

# വില കൂടുതൽ

പ്ളാസ്റ്റിക് കാരി ബാഗുകൾക്ക് പകരം രണ്ടിരട്ടി വില വരും. തായ്ലാൻഡിലും ഇൻഡോനേഷ്യയിലും നിർമ്മിക്കുന്ന ബാഗുകളാണ് കേരളത്തിൽ വിതരണം ചെയ്യുക.

# പ്രചാരണം നടത്തും

പ്ളാസ്റ്റിക്കിന് പകരം ഉല്പന്നങ്ങൾ പ്രചരിപ്പിക്കാനും ബോധവത്ക്കരിക്കാനും പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബെറ്റർ കൊച്ചി പ്രസിഡന്റ് എസ്. ഗോപകുമാർ അറിയിച്ചു.

പ്ലാസ്റ്റിക് വിമുക്ത കൊച്ചിയുടെ ലോഗോ പ്രകാശനം ബെറ്റർ കൊച്ചി ഭാരവാഹികളായ എസ്. ഗോപകുമാർ, എസ്.എ.എസ് നവാസ്, ബീന വിശ്വനാഥൻ, പ്രേംലാൽ ജെ.പി, കിഷോർ രംഗനാഥ്, രാമചന്ദ്രൻ നായർ, ബയോമാർട്ട് ഫൗണ്ടർ രവികൃഷ്ണൻ കെ. എന്നിവർ ചേർന്ന് നിർവഹിച്ചു.