ആലുവ: ആലുവ ടൗൺ ബസാറിൽ ഒരു വിഭാഗം കച്ചവടക്കാരുടെ രാത്രികാല 'പരാക്രമം' അവസാനിക്കുന്നില്ല. ടൗൺ ബസാറിൽ പാർക്ക് ചെയ്യുന്ന ഇരുചക്ര വാഹനങ്ങളുടെ സീറ്റുകൾ ഇരുട്ടിന്റെ മറവിൽ ബ്ളേഡ് ഉപയോഗിച്ച് കീറുന്നത് ഹോബിയാക്കിയിരിക്കുകയാണ് ഇവർ.
രണ്ട് വർഷം മുമ്പ് സമാനമായ രീതിയിൽ വാഹനങ്ങൾ നശിപ്പിക്കുന്നത് നിത്യസംഭവമായപ്പോൾ ജനങ്ങളും രാഷ്ട്രീയ പാർട്ടികളുമെല്ലാം സംഘടിതമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് താത്കാലികമായി പ്രശ്നം ശമിച്ചിരുന്നു.
അനധികൃത പാർക്കിംഗെന്ന്
കച്ചവടക്കാർ
ടൗൺ ബസാറിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ ആളുകൾക്ക് സുഗമമായി സ്ഥാപനങ്ങളിലേക്ക് എത്താനാകുന്നില്ലെന്നാണ് കച്ചവടക്കാരുടെ ആരോപണം. എന്നാൽ കേവലം 70 ചതുരശ്ര അടി മാത്രം വിസ്തീർണം ഉണ്ടായിരുന്ന ടൗൺ ബസാറിലെ കടകൾക്കിപ്പോൾ മൂന്നിരട്ടി വലിപ്പമായി. എങ്ങനെ വലിപ്പം കൂടിയെന്ന് അന്വേഷിക്കുമ്പോഴാണ് കൈയേറ്റത്തിന്റെ വ്യാപ്തി ബോദ്ധ്യമാകുക. നഗരസഭയിൽ നിന്ന് മുറികൾ വാടകക്കെടുത്തവരിൽ പകുതിയിലേറെ പേരും അഞ്ചിരട്ടി വരെ തുകയ്ക്ക് മുറി മറിച്ച് നൽകിയിരിക്കുകയാണ്. ഈ ഇനത്തിലും നഗരസഭക്ക് പ്രതിമാസം പതിനായിരക്കണക്കിന് രൂപയാണ് നഷ്ടം.
അനധികൃതനിർമ്മാണവും
കൈയേറ്റവും തകൃതി
സംഘടന രൂപീകരിച്ചാണ് കച്ചവടക്കാർ സദാചാര പൊലീസാവുന്നതെന്നാണ് പ്രധാന ആരോപണം. രണ്ട് വർഷം മുമ്പ് ടൗൺ ബസാറിന്റെ പ്രവേശനകവാടങ്ങളിൽ ഇവർ അനധികൃതമായി സ്ഥാപിച്ച ഇരുമ്പ് ചങ്ങല നഗരസഭ പൊളിച്ച് നീക്കിയിരുന്നു. അനധികൃത നിർമ്മാണത്തിന്റെ ഒരു ഭാഗം എ.ഐ.വൈ.എഫും പൊളിച്ചു. കടമുറികളുടെ മുമ്പിൽ നടന്നിട്ടുള്ള അനധികൃതകൈയേറ്റം നഗരസഭയും ഒഴിപ്പിക്കുമെന്നായപ്പോൾ അന്ന് നശിപ്പിക്കപ്പെട്ട വാഹനങ്ങൾക്കെല്ലാം നഷ്ടപരിഹാരം നൽകിയാണ് പ്രശ്നം ഒത്തുതീർപ്പാക്കിയത്. ഇതെല്ലാം മറന്നാണ് വീണ്ടും വാഹനം നശിപ്പിക്കൽ തുടരുന്നത്. കഴിഞ്ഞ ദിവസം രാത്രിയും ടൗൺബസാറിൽ പാർക്ക് ചെയ്ത ഇരുചക്രവാഹനത്തിന്റെ സീറ്റ് ബ്ളേഡ് വച്ച് കീറി നശിപ്പിച്ചു.
ആരുണ്ടിവിടെ ചോദിക്കാൻ
സ്വകാര്യ ബസ് സ്റ്റാൻഡ് മാറിയ ശേഷം 70 ചതുരശ്ര വിസ്തീർണമുള്ള 15 കടമുറികൾ നിർമ്മിച്ച് നഗരസഭ വാടകയ്ക്ക് നൽകിയിരുന്നു. വാടകക്കാർ പിന്നീട് 50 ചതുരശ്ര അടിയോളം കൈയേറിയ ശേഷം ഔദ്യോഗികമാക്കി. അടുത്ത കാലത്ത് വീണ്ടും 50 അടിയോളം കൈവശപ്പെടുത്തി പലരും ഷട്ടറുകൾ സ്ഥാപിച്ചു. ഇതിനെതിരെ പരാതി ഉയർന്നെങ്കിലും രാഷ്ട്രീയ സമ്മർദ്ദംമൂലം തുടർ നടപടി ഉണ്ടായില്ല. ആരുണ്ടിവിടെ ചോദിക്കാൻ എന്ന
സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.