പറവൂർ : വരാപ്പുഴയിൽ ശ്രീജിത്തിനെ ചവിട്ടിക്കൊന്ന കേസിൽ ക്രൈംബ്രാഞ്ച് പറവൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ കുറ്റപത്രം സമർപ്പിച്ചു. അന്നത്തെ റൂറൽ എസ്.പി ആയിരുന്ന എ.വി. ജോർജ് രൂപീകരിച്ച റൂറൽ ടെെഗർ ഫോഴ്സ് (ആർ.ടി.എഫ്) അംഗങ്ങളായ പി.പി. സന്തോഷ്‌കുമാർ, ജിതിൻരാജ്, എം.എസ്. സുമേഷ്, വരാപ്പുഴ സബ് ഇൻസ്‌പെക്ടറായിരുന്ന ജി.എസ്. ദീപക്ക്, പറവൂർ സർക്കിൾ ഇൻസ്പെക്ടറായിരുന്ന ക്രിസ്പിൻ സാം, വരാപ്പുഴ സ്റ്റേഷനിലെ എ.എസ്.ഐമാരായ സി.എൻ. ജയദേവൻ, സന്തോഷ് ബേബി, കോൺസ്റ്റബിൾമാരായ പി.ആർ. ശ്രീരാജ്, ഇ.ബി. സുനിൽകുമാർ എന്നിവരാണ് പ്രതികൾ. ആദ്യത്തെ നാലു പേർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയിട്ടുള്ളത്. അന്യായമായ തടങ്കൽ, കൃത്യനിർവഹണത്തിലുള്ള വീഴ്ച എന്നീ വകുപ്പുകൾ ഒമ്പത് പേർക്കെതിരെയും ചുമത്തിയിട്ടുണ്ട്. കേസിൽ പ്രത്യക്ഷ, ശാസ്ത്രീയ തെളിവുകളും ക്രൈംബ്രാഞ്ച് കണ്ടെത്തി.
നേരത്തെ കേസിൽ ആരോപണ വിധേയനായിരുന്ന മുൻ എറണാകുളം റൂറൽ എസ്.പി എ.വി. ജോർജ് കേസിൽ സാക്ഷിയാണ്. രേഖകളിൽ കൃത്രിമം നടത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾക്ക് കൂട്ടുനിന്നതിനും കസ്റ്റഡി നടപടികൾ കൃത്യമായി പാലിക്കാതിരുന്നതിനുമാണ് സർക്കിൾ ഇൻസ്പെക്ടർ ക്രിസ്പിൻ സാം പ്രതിയായത്.
വരാപ്പുഴ ദേവസ്വംപാടം സ്വദേശി ശ്രീജിത്ത് 2018 ഏപ്രിൽ ഒമ്പതിനാണ് കൊല്ലപ്പെട്ടത്. തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ വരാപ്പുഴയിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ടാണ് റൂറൽ ടൈഗർ ഫോഴ്സ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തപ്പോൾ ആർ.ടി.എഫ് ഉദ്യോഗസ്ഥരും സ്റ്റേഷനിൽവച്ച് സബ് ഇൻസ്പെക്ടർ ദീപക്കിന്റെ നേതൃത്വത്തിലും ശ്രീജിത്തിനെ മർദ്ദിച്ചതായാണ് കുറ്റപത്രത്തിലുള്ളത്. ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതമാണ് മരണത്തിന് കാരണമായത്. അടിവയറ്റിലേറ്റ ആഘാതത്തിൽ ചെറുകുടൽ ഏറക്കുറെ അറ്റുപോയി. ഗുരുതരമായ പരിക്കുണ്ടെന്ന് വ്യക്തമായിട്ടും ആശുപത്രിയിലെത്തിക്കാൻ വൈകിയത് വീഴ്ചയാണെന്നും കുറ്റപത്രത്തിൽ പറയുന്നു. ആളുമാറിയാണ് ശ്രീജിത്തിനെ പിടികൂടിയതെന്ന് പിന്നീടുള്ള അന്വേഷണത്തിൽ വ്യക്തമായി. ഇതു മറയ്ക്കാനും വ്യാജരേഖ ചമയ്ക്കാനും ആരോപണവിധേയരുടെ നേതൃത്വത്തിൽ ശ്രമമുണ്ടായതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.