കിഴക്കമ്പലം :പഠനമുറി പൂർത്തിയാക്കിയിട്ടും പണം പൂർണമായി നൽകിയില്ല, രക്ഷിതാവ് കുന്നത്തുനാട് പഞ്ചായത്ത്ഓഫീസിനു മുന്നിൽ കിടപ്പു സമരം നടത്തി. പിണർമുണ്ട നടുമുകൾ സതീഷാണ് ഇന്നലെ രാവിലെ കിടന്ന് പ്രതിഷേധിച്ചത്.
'പഠനമുറി ഇങ്ങനെ
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്ന പട്ടിക ജാതി വിഭാഗത്തിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി വിഭാവനം ചെയ്ത പദ്ധതിയാണ് 'പഠനമുറി' സ്‌കീം. 800 സ്ക്വയർഫീറ്റ് വരെ വലിപ്പമുള്ള വീടുകളോട് ചേർന്ന് 120 സ്ക്വയർഫീറ്റ് വലിപ്പമുള്ള പഠനമുറി നിർമ്മിക്കുന്നതാണ് പദ്ധതി.രണ്ട് ലക്ഷം രൂപയാണ് പഠന മുറിക്കായി അനുവദിക്കുന്നത്. നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിൽ തുകയുടെ 15 ശതമാനവും രണ്ടാം ഘട്ടത്തിൽ 30 ശതമാനവും മൂന്നാം ഘട്ടത്തിൽ 40 ശതമാനവും നാലാം ഘട്ടത്തിൽ പതിനഞ്ച് ശതമാനവുമാണ് നൽകുന്നത്.
പണി മുഴുവനായി പൂർത്തിയാക്കിയിട്ടും 1.58 ലക്ഷം രൂപ മാത്രമാണ് സതീഷിന് നല്കിയത്. ഓട്ടോ ഡ്രൈവറായ സതീഷ് കടം വാങ്ങിയാണ് പണി പൂർത്തിയാക്കിയത്. . ബാക്കി
പണം നൽകാനാവില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതോടെയാണ് സതീഷ് സമരം നടത്തിയത് . സി.പി.എം ലോക്കൽ സെക്രട്ടറി എൻ.എം കരീം, കുന്നത്തുനാട് സഹകരണ ബാങ്ക് പ്രസിഡന്റ് നിസാർ ഇബ്രാഹിം, വി.എ മോഹനൻ, ടി.പി ഷാജഹാൻ, ബി.ജെ.പി നേതാക്കളായ മനോജ് മനക്കേക്കര, മുരളി കോയിക്കര തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി
ചർച്ചയിൽ ഒരു പരിശോധന കൂടി നടത്തി ബാക്കി തുക അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചതോടെ സമരം അവസാനിപ്പിച്ചു.
.