കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ അഖില മലങ്കര സുവിശേഷ മഹായോഗം ഡിസംബർ 26 മുതൽ 31 വരെ പുത്തൻകുരിശിൽ നടക്കും. പതാക ഘോഷയാത്ര 22ന് വൈകിട്ട് മൂന്നിന് കോലഞ്ചേരിയിൽനിന്ന് ആരംഭിക്കും.
വൈകിട്ട് നാലിന് പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ മൈതാനിയിൽ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ പതാക ഉയർത്തും.
26ന് വൈകിട്ട് ആറിന് സുവിശേഷ മഹായോഗം ശ്രേഷ്ഠ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രീഗോറിയോസ് അധ്യക്ഷത വഹിക്കും. പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പ വിഷയാവതരണം നടത്തും.
തുടർന്നുള്ള ദിവസങ്ങളിൽ മെത്രാപ്പോലീത്തമാരും വൈദികരും വൈകിട്ട് നടക്കുന്ന യോഗങ്ങളിൽ പ്രസംഗിക്കും. 101 അംഗ ഗായകസംഘം സുവിശേഷ ഗാനങ്ങൾ ആലപിക്കും. രാവിലെ 10 മുതൽ ഒരു മണി വരെ ധ്യാനയോഗങ്ങൾ നടക്കും.
31ന് ശ്രേഷ്ഠ കാതോലിക്ക ബാവ സമാപന സന്ദേശം നൽകും. തുടർന്ന് പുതുവർഷ സന്ദേശം, ധ്യാനം, സ്‌നേഹവിരുന്ന് എന്നിവയും ഉണ്ടാകും.
50,000 പേർക്ക് ഇരിക്കാവുന്ന പന്തൽ പൂർത്തിയായതായി മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്ത അറിയിച്ചു. ഇ.സി. വർഗീസ് കോർ എപ്പിസ്‌കോപ്പ, ഫാ. പോൾസൺ കീരിക്കാട്ടിൽ, എ.വി. പൗലോസ്, ബേബി ജോൺ കോർ എപ്പിസ്‌കോപ്പ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.