കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന് ചില സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ നിയമവിരുദ്ധമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഹർത്താൽ നടത്തുന്നവർ ഏഴു ദിവസം മുമ്പ് പബ്ളിക് നോട്ടീസ് നൽകണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് പാലിച്ചിട്ടില്ല. അക്രമ സംഭവങ്ങളുണ്ടായാൽ ഉത്തരവാദികളായ നേതാക്കളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് ഹൈക്കോടതി ഉത്തരവു ലംഘിച്ച് ഹർത്താൽ നടത്താൻ ആഹ്വാനം ചെയ്ത ഡീൻ കുര്യാക്കോസ് എം.പി, എം.സി. കമറുദ്ദീൻ, എം.ഗോവിന്ദൻ നായർ എന്നിവരുൾപ്പെട്ട കോടതിയലക്ഷ്യ ഹർജിയിലാണ് സർക്കാർ ഇതു വ്യക്തമാക്കിയത്.
എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി, ബി.എസ്.പി, സോളിഡാരിറ്റി, എസ്.ഐ.ഒ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, പോരാട്ടം, ഡി.എച്ച്. ആർ.എം. ജമാ അത്ത് കൗൺസിൽ തുടങ്ങിയ സംഘടനകൾ സംയുക്തമായാണ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
ഇവർ കഴിഞ്ഞ ജനുവരിയിലെ ഹൈക്കോടതി ഉത്തരവു പ്രകാരം ഏഴു ദിവസം മുമ്പ് നോട്ടീസ് നൽകിയിരുന്നില്ലെന്ന് സർക്കാരിനു വേണ്ടി ഹാജരായ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ബോധിപ്പിച്ചു.
ഹർത്താൽ: സ്വീകരിച്ച നടപടികൾ
ശബരിമല തീർത്ഥാടകരുടെ സുരക്ഷയ്ക്ക് 2000 പൊലീസുകാരെ അധികമായി വിന്യസിച്ചു
പത്തനംതിട്ടയിലും വിവിധ പ്രദേശങ്ങളിലും കൂടുതൽ സുരക്ഷ ഏർപ്പെടുത്തി.
അക്രമമുണ്ടായാൽ സുപ്രീം കോടതി വിധിപ്രകാരം നേതാക്കളിൽ നിന്ന് നഷ്ടപരിഹാരം ഇൗടാക്കും.
ഇന്നത്തെ ഹർത്താലിനെതിരായ ഹർജി തള്ളി
ഹർത്താൽ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഹെൽപ്പ് ലൈൻ സംസ്ഥാന കോ ഓർഡിനേറ്റർ ശ്രീനാഥ് പത്മനാഭൻ നൽകിയ പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. പൗരത്വ ഭേദഗതി നിയമം മുസ്ളിം വിരുദ്ധമാണെന്നാരോപിച്ചാണ് ഹർത്താൽ നടത്തുന്നതെന്നും സംസ്ഥാനത്തെ ഭരണ - പ്രതിപക്ഷ നേതാക്കൾ ഇതിനോട് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ശബരിമല തീർത്ഥാടനം തടസപ്പെടുത്താനും അട്ടിമറിക്കാനുമുള്ള ലക്ഷ്യത്തോടെയാണ് ഹർത്താൽ നടത്തുന്നത്. അയ്യപ്പ ഭക്തരെ ലക്ഷ്യം വച്ചാണിതെന്ന് ഭയമുണ്ട്. ഭക്തരെ സംരക്ഷിക്കാനായി സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല. ഹർത്താലിനോട് ഭരണകൂടം അനുഭാവം കാട്ടുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവന ഇതിനനുകൂലമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. എന്നാൽ ശബരിമല ദർശനത്തിന്റെ പേരിൽ ബിന്ദു അമ്മിണിയെ കമ്മിഷണർ ഓഫീസിനു മുന്നിൽ വച്ച് ആക്രമിച്ചയാളാണ് ഹർജിക്കാരനെന്ന് പൊലീസ് വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച് പ്രതിഷേധിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന ഹർജിക്കാരൻ വാദിച്ചെങ്കിലും പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നാണ് കോടതി മറുപടി നൽകിയത്.