കൊച്ചി : എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനി ഷംന തസ്നീം ചികിത്സാപ്പിഴവിനെത്തുടർന്നാണ് കൊല്ലപ്പെട്ടതെന്ന സംസ്ഥാനതല വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് അടിസ്ഥാനമാക്കി അന്വേഷണം നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് കേസിൽ പ്രതികളായ ഡോക്ടർമാർ നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി.
മെഡിക്കൽ കോളേജിലെ വകുപ്പു മേധാവിയായിരുന്ന ഡോ. ജിൽസ് ജോർജ്ജ്, ഡ്യൂട്ടി ഡോക്ടറായിരുന്ന കൃഷ്‌ണമോഹൻ എന്നിവർ നൽകിയ ഹർജിയാണിത്.
2016 ജൂലായ് 18 നാണ് കണ്ണൂർ സ്വദേശിനി ഷംന കൊല്ലപ്പെട്ടത്. പനിക്ക് ചികിത്സ തേടിയെത്തിയ ഷംന കുത്തിവെപ്പിനെ തുടർന്ന് കുഴഞ്ഞു വീണു മരിച്ചതിനെത്തുടർന്നാണ് ചികിത്സാപ്പിഴവിന് കേസെടുത്തത്. ജില്ലാ തല വിദഗ്ദ്ധ സമിതി ചികിത്സാപ്പിഴവില്ലെന്ന് വിലയിരുത്തിയിരുന്നു. എന്നാൽ സമിതിയിലെ ഫോറൻസിക് സർജൻ ഇതിനു വിരുദ്ധമായ നിലപാടെടുത്തതോടെ സംസ്ഥാനതല അപെക്സ് സമിതി വിഷയം പരിശോധിച്ച് ഡോക്ടർമാരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തി.
ഈ റിപ്പോർട്ട് നിയമപരമായി നിലനിൽക്കില്ലെന്നും സുപ്രീം കോടതിയുടെ വിധിയനുസരിച്ചല്ല അപെക്സ് സമിതിക്ക് രൂപം നൽകിയതെന്നും ചൂണ്ടിക്കാട്ടിയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച സിംഗിൾബെഞ്ച് 2017 ആഗസ്റ്റിൽ അന്വേഷണം സ്റ്റേ ചെയ്തിരുന്നു. സ്റ്റേ അനന്തമായി നീളുന്നത് നിയമപരമല്ലെന്നും അന്വേഷണ ഏജൻസിയുടെ പ്രവർത്തനങ്ങളിൽ കോടതിയുടെ ഇടപെടലിന് പരിമിതിയുണ്ടെന്നും ഷംനയുടെ ബന്ധുക്കൾക്കു വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു.