കൊച്ചി: മറൈൻ ഡ്രൈവിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ഹർജിയിലെ ഇടക്കാല ഉത്തരവുകൾ പാലിച്ചില്ലെന്ന കോടതിയലക്ഷ്യ ഹർജിയിൽ നഗരസഭാ സെക്രട്ടറി ആർ. എസ്. അനുവും ജി.സി.ഡി.എ സെക്രട്ടറി ഇൻ ചാർജ്ജ് ജിനു മോൾ വർഗ്ഗീസും വെള്ളിയാഴ്ച നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശം നൽകി. മറൈൻ ഡ്രൈവിന്റെ നവീകരണത്തിനായി അര ഡസനോളം ഉത്തരവുകൾ നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നാരോപിച്ച് ഹർജിക്കാരനായ രഞ്ജിത്ത് തമ്പി നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. നഗരസഭയുടെയും ജി.സി.ഡി.എയുടെയും ഭാഗത്തു നിന്ന് കോടതിയലക്ഷ്യമുണ്ടായെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതിയുടെ വിധികൾ നടപ്പാക്കുന്നതിൽ അനാസ്ഥയുണ്ടെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടുണ്ടെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. നേരത്തെ ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് കായലിലേക്ക് മാലിന്യം തള്ളുന്നില്ലെന്ന് ഉറപ്പാക്കണെമന്നും മറൈൻ ഡ്രൈവിലെ ഫ്ളാറ്റുകളിൽ മാലിന്യ പ്ളാന്റുകളുണ്ടെന്ന് ഉറപ്പാക്കണമെന്നും ഡിസംബർ നാലിന് നിർദ്ദേശിച്ചിരുന്നു.

 ഹർജിക്കാരൻ പറഞ്ഞത്

മറൈൻഡ്രൈവ് ശോചനീയമായ നിലയിലാണ്. ഫുട് പാത്തിലെ ടൈലുകൾ തകർന്ന നിലയിലാണ്. കാടു പിടിച്ച ചുറ്റുപാടുകളും മാലിന്യ കൂമ്പാരവും മറൈൻഡ്രൈവിന്റെ ശാപമാണ്. സാമൂഹ്യ വിരുദ്ധരുടെ ഇടത്താവളമായി മാറി. മലിനജലം ഒഴുകിപ്പോകാൻ സംവിധാനമില്ല. മറൈൻ ഡ്രൈവിലെ അലങ്കാര വിളക്കുകൾ കത്തുന്നില്ലെന്നും ഹർജിക്കാരനായ രഞ്ജിത്ത് തമ്പിയുടെ ഹർജിയിൽ പറഞ്ഞിരുന്നു. ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണാൻ വിവിധ ഇടക്കാല ഉത്തരവുകളിലൂടെ ഹൈക്കോടതി നഗരസഭയ്ക്കും ജി.സി.ഡി.എയ്ക്കും നിർദ്ദേശം നൽകി. മറൈൻഡ്രൈവിൽ മുഴുവൻ സമയ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. മതിയായ കാമറകൾ നിരീക്ഷണത്തിന് വേണമെന്നതടക്കം നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ഇതിനു പിന്നാലെ ഹൈക്കോടതി ഉത്തരവുകൾ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ അമിക്കസ് ക്യൂറിയെ നിയോഗിച്ചു.