freezer
ബേക്കറിയിലെ ഫ്രീസർ മാസങ്ങളായി ശുചീകരിക്കാതെ മാലിന്യം നിറഞ്ഞ നിലയിൽ.

കോലഞ്ചേരി: ഷേയ്ക്കടിക്കാൻ അഴുകിയ പഴങ്ങൾ, പുത്തൻകുരിശിലെ ബേക്കറികൾക്ക് ആരോഗ്യ വിഭാഗത്തിന്റെ ഷോക്ക് ട്രീറ്റ്മെന്റ്. ശുചിത്വ മാനദണ്ഡങ്ങൾ അവഗണിച്ച ബേക്കറികൾക്കെതിരെയാണ് ആരോഗ്യ വിഭാഗം നടപടിയെടുത്തത്.

കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനു സമീപത്തെ ബേക്കറിയിൽ നിന്നും മാലിന്യം പൊതു ഓടയിലേയ്ക്ക് ഒഴുക്കുന്നതുമൂലം കോളേജ് ബസ്​റ്റോപ്പ് പരിസരത്ത് ഉണ്ടായിരുന്ന അസഹ്യമായ ദുർഗന്ധത്തേക്കുറിച്ച് ജനങ്ങൾ പരാതിപ്പെട്ടിരുന്നു. അപര്യാപ്തമായ മാലിന്യ ടാങ്ക് ആണ് ഈ ബേക്കറിയിൽ സ്ഥാപിച്ചിരുന്നത് എന്ന് പരിശോധനയിൽ ബോദ്ധ്യമായി. ശാസ്ത്രീയമായ മാലിന്യസംസ്‌കരണ സംവിധാനം നിർമ്മിക്കുന്നതിന് 15 ദിവസം സമയം അനുവദിച്ച് ഉദ്യോഗസ്ഥർ സ്ഥാപന ഉടമക്ക് നോട്ടീസ് നൽകി.

ആഴ്ചകളായി ഭക്ഷണശാലയിൽ നിന്നും മാലിന്യം നീക്കാത്തതിന് വൃത്തിയില്ലാതെ ഭക്ഷണം കൈകാര്യം ചെയ്തതിനും വേറെ രണ്ട് സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി.

ശീതള വിഭവങ്ങൾ ഉണ്ടാക്കുന്നതിനായി സൂക്ഷിച്ച അഴുകിയ പഴവർഗങ്ങൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു നശിപ്പിച്ചു.

പല ബേക്കറികളിലേയും ശീതീകരണികൾ മാസങ്ങളായി ശുചീകരിക്കാതെ മാലിന്യം നിറഞ്ഞ അവസ്ഥയിലായിരുന്നു. ജ്യൂസ് നിർമ്മാണവും ഭക്ഷണ വിതരണവും നടത്തിയിരുന്ന ഹെൽത്ത് കാർഡില്ലാത്ത നാല് പേരെ വിലക്കുകയും ചെയ്തു.

ഭക്ഷണശാലയിൽ പുകയില വിമുക്ത ബോർഡ് സ്ഥാപിക്കാത്തതിന് രണ്ട് ബേക്കറികൾക്കെതിരെ ' കോട്പ ' നിയമ പ്രകാരം പിഴ ചുമത്തി.

തിരുവാണിയൂർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.കെ.സജിയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സി.എ.സതീഷ് കുമാർ, ​റ്റി.എസ്.അജനീഷ് എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്.

ശുചിത്വ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്ന് മെഡിക്കൽ ഓഫീസർ ഡോ. എം. രാജലക്ഷ്മി അറിയിച്ചു.