കോലഞ്ചേരി: തല കാക്കാൻ ഹെൽമെറ്റ്, ഹെൽമെറ്റ് കാക്കാൻ ആരു വരും? പിൻസീറ്റു യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയതോടെ ഇരു ചക്രവാഹന യാത്രകർ ഇത് സൂക്ഷിക്കാൻ വലയുകയാണ്. സ്കൂട്ടറുകളിൽ ഒരു ഹെൽമെറ്റ് സീറ്റിനടിയിൽ സൂക്ഷിക്കാം. ബൈക്കുകാരാണ് വലയുന്നത്. രണ്ടും വാഹനത്തിൽ പിടിപ്പിക്കുക കഷ്ടപ്പാടാണ്. അതിനിടെയാണ് മോഷ്ടാക്കളുടെ ശല്യവും.
സ്വന്തം തലയ്ക്ക് 'സുരക്ഷ' നൽകുന്ന ഹെൽമറ്റിനു തിരിച്ചും സുരക്ഷയൊരുക്കേണ്ട അവസ്ഥയിലാണ് ഇരുചക്ര വാഹനയാത്രികർ.
വില കൂടിയ ഹെൽമെറ്റുകൾ മോഷണം പോകുന്നത് പതിവാണ്. പലരും ബ്രാന്റഡ് ഹെൽമെറ്റ് വാങ്ങിയ ശേഷം സ്റ്റിക്കറും മറ്റും ഒട്ടിച്ച് ഡിസൈൻ മാറ്റിയും മോഷണം ചെറുക്കാൻ ശ്രമിക്കുന്നുണ്ട്. പൂട്ടി സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ലെന്നതാണ് പൊലീസ് നിർദേശം.
പൂട്ടിവയ്ക്കാൻ 120 രൂപ മുതൽ മുകളിലേക്ക് ഹെൽമറ്റ് ലോക്കുകൾ വിപണിയിൽ ലഭ്യം. ഓൺലൈൻ വ്യാപാര സൈറ്റുകളിൽ വൈവിധ്യമേറിയ ലോക്കുകളുമുണ്ട്.
ആയിരം രൂപയ്ക്കു മുകളിൽ വിലയുള്ള ഹെൽമറ്റ് ലോക്കുകളുമുണ്ട്. ബൈക്കിന്റെ ഹാൻഡിലിൽ ഘടിപ്പിക്കാവുന്നത്, സീറ്റിനോടു ചേർന്നു ഘടിപ്പിക്കാവുന്നത്, നമ്പർ പ്ലേറ്റിനു മുകളിൽ ഘടിപ്പിക്കാവുന്നത്, ബാക്ക് റെസ്റ്റിൽ ഘടിപ്പിക്കാവുന്നത് തുടങ്ങിയ വിവിധയിനങ്ങൾ ലഭ്യം.
ശരാശരി 1000 രൂപ വിലയുള്ളവയാണ് ഹെൽമെറ്റ്. മോഷണം പോയാൽ ആരും പൊലീസിൽ പരാതിപ്പെടാനോ പിന്നാലെ നടക്കാനോ മെനക്കെടാറില്ല. പുതിയവയും കാണാൻ ഭംഗിയുള്ളതുമായ ഹെൽമറ്റുകൾക്കു ചുറ്റുമാണ് മോഷ്ടാക്കളുടെ കണ്ണ്. ഹെൽമറ്റ് മോഷണ പരാതി അപൂർവമാണെന്ന് പൊലീസും പറയുന്നു