കൊച്ചി: കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ മെഗാ കേബിൾ ഫെസ്‌റ്റ് 19 മുതൽ 21 വരെ കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. ഐ.ടി., കേബിൾ ടിവി രംഗത്തെ ആധുനിക സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.
പ്രദർശനത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 10.30ന് സംസ്ഥാന ഐ.ടി സെക്രട്ടറി എം. ശിവശങ്കർ നിർവഹിക്കും. ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ മുഖ്യാതിഥിയാകും. കേബിൾ ടിവി രംഗത്തെ സാങ്കേതിക പ്രവർത്തകർ, വ്യാപാരികൾ, ബ്രോഡ്കാസ്‌റ്റിംഗ് സ്ഥാപനങ്ങളുടെ പ്രതിനിധികൾ, വിവിധ സേവനദാതാക്കൾ, ഓപ്പറേറ്റർമാർ തുടങ്ങിയവർ പങ്കെടുക്കും.
വിവിധ വിഷയങ്ങളിൽ സെമിനാറുകളും സാങ്കേതിക സമ്മേളനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കേബിൾ ടിവിക്ക് പുറമെ ഒ.ടി.ടി., വോയ്സ് കാൾ തുടങ്ങിയ സേവനങ്ങളും നൽകാൻ ഓപ്പറേറ്റർമാർ സജ്ജരാണെന്ന് കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.വി. രാജൻ, നിർവാഹകസമിതി അംഗം സി.ആർ. സുധീർ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
കെ-ഫോണുമായി സഹകരിക്കും
സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഇന്റർനെറ്റ് ഫോൺ സംവിധാനമായ കെ-ഫോണുമായി കേബിൾ ഓപ്പറേറ്റർമാർ സഹകരിക്കും. പ്രാഥമിക ചർച്ചകൾ നടത്തിയെന്നും പദ്ധതിയിൽ പങ്കാളികളാകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കെ.വി. രാജൻ പറഞ്ഞു.