കൊച്ചി: ജൈവമാലിന്യങ്ങൾ ചീഞ്ഞളിഞ്ഞാലും ഉപകാരമുള്ള ഒരു കാര്യത്തിന് കൊടുക്കില്ലെന്നാണ് കൊച്ചി നഗരസഭയുടെ നയം. ഭരിക്കുന്നവരുടെ അനങ്ങാപ്പാറനയം നഗരത്തെ ഹരിതാഭമാക്കാനുള്ള നീക്കങ്ങൾക്ക് തിരിച്ചടിയായി. ഇതോടെ കൊച്ചി മെട്രോയുടെ സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ അവതാളത്തിലായി.
മീഡിയനിൽ ചെടികൾ വച്ചുപിടിപ്പിക്കുന്നതിനായി ജൈവമാലിന്യം നൽകാമെന്ന് കഴിഞ്ഞ ആഗസ്റ്റിൽ ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചെങ്കിലും തുടർനടപടികളുണ്ടായില്ല. കസേര ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിനിടെ ഇക്കാര്യം ശ്രദ്ധിക്കാൻ ഭരണക്കാർക്ക് സമയം തികഞ്ഞില്ല. ആരോഗ്യ സ്ഥിരം സമിതിയുടെ ചുമതലക്കാരായ ഇടതുപക്ഷവും വിഷയം അവഗണിച്ചു. ഇരുപക്ഷവും കൈവിട്ടതോടെ മീഡിയന്റെ സൗന്ദര്യവത്കരണ ചുമതല ഏറ്റെടുത്ത പെലിക്കൻ ബയോടെക് ആൻഡ് കെമിക്കൽ ലാബ് എന്ന ഏജൻസി മാലിന്യം തേടിയിറങ്ങി.
# നടക്കാതെ പോയ സുന്ദര സ്വപ്നം
മാലിന്യത്തിനായി ആദ്യകാലത്തു തന്നെ കെ.എം.ആർ.എൽ വക്താക്കൾ നഗരസഭയെ സമീപിച്ചെങ്കിലും ബ്രഹ്മപുരത്തെ ആധുനിക പ്ലാന്റിന് മാലിന്യം നൽകാൻ കരാറുണ്ടെന്ന കാരണം പറഞ്ഞ് അഭ്യർത്ഥന നിരസിക്കുകയായിരുന്നു. ഒരു വർഷം മുമ്പാണ് പെലിക്കൺ ഗ്രൂപ്പ് രംഗത്തെത്തിയത്. 400 മീഡിയനുകളിൽ പച്ചപ്പ് വച്ചുപിടിപ്പിക്കാനായിരുന്നു ദൗത്യം. ബ്രഹ്മപുരം പ്ലാന്റിലും പരിസരത്തുമായി കെട്ടികിടക്കുന്ന മാലിന്യങ്ങളും കമ്പോസ്റ്റും ആവശ്യപ്പെട്ട് അവർ നഗരസഭ ഓഫീസ് കയറിയിറങ്ങി. ഒടുവിൽ
കലൂരിൽ 602 മുതൽ 606 വരെയുള്ള പില്ലറുകൾക്കിടയിൽ നിലം ഒരുക്കാനായി മാലിന്യം നൽകാമെന്ന് നഗരസഭ സമ്മതിച്ചു. പോർട്ട്ട്രസ്റ്റിൽ നിന്നുള്ള രണ്ട് ട്രക്ക് ചെളിയും നൽകി. പിന്നീട് നഗരസഭ അധികൃതർ മൗനത്തിലായതോടെ ഏജൻസി വെട്ടിലായി
# റെസിഡന്റ്സ് അസോസിയേഷനുകൾക്ക് രക്ഷയായി
തെങ്ങിൻതടി, ഓല, മടൽ, തൊണ്ട്, മരച്ചില്ലകൾ, കരിയില തുടങ്ങിയ മാലിന്യങ്ങൾ നിക്ഷേപിക്കാൻ ഒരിടം തേടി നടന്ന റെസിഡന്റ്സ് അസോസിയേഷുകൾക്ക് മീഡിയനുകൾ ആശ്വാസമായി. പൊലിക്കൺ വക്താക്കളുടെ ഇടപെടലിനെ തുടർന്ന് ഗിരിനഗറിൽ നിന്ന് ഇത്തരത്തിലുള്ള പത്ത് ലോറി മാലിന്യം മീഡിയന് അടിത്തട്ട് ഒരുക്കി. മാലിന്യം അലിയിക്കുന്ന രാസവസ്തുക്കൾ ചേർത്ത് ഇത് ഒരു മാസം സൂക്ഷിക്കും. പിന്നീട് ഇവിടെ പുൽത്തകടി ഒരുക്കും. ആറു മാസം കഴിഞ്ഞാൽ വീണ്ടും കമ്പോസ്റ്റ് നിറയ്ക്കും.പനമ്പള്ളിനഗർ, മഹാരാജാസ് കോളേജ്, ജവഹർ നഗർ എന്നിവിടങ്ങളിലെ മാലിന്യവും ഇപ്പോൾ മീഡിയനിലേക്കാണ് എത്തുന്നത്. പുതുവർഷത്തിന് മുമ്പ് പത്ത് മീഡിയനുകളിൽ പുൽത്തകിടിയാകുമെന്ന് ഏജൻസി വക്താവ് പറഞ്ഞു. സ്പോൺസർമാരുടെ സഹായത്തോടെയാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്.